Thursday, 15 August 2013

വ്യര്‍ത്ഥമോഹം


ഒഴിഞ്ഞ ഈ പാതയില്‍ കണ്ണുംനട്ട് ഞാന്‍
കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നേരമേറെയായി.
നീ... വരില്ലെന്ന് അറിയാമായിരുന്നിട്ടും
തുടരുന്നു ഞാനി തപസ്യ
ആരുടെയോ വിരുന്നു കാരിയായി എത്തിയ
വസന്തം എന്‍ കാതില്‍ മെല്ലെ ചൊല്ലി
"പണ്ടെ അവന്‍ മറന്നല്ലോ നിന്നെ"
നുണക്കുഴി തെളിയെ ചിരിച്ചും കൊണ്ടവളത്
പറഞ്ഞപ്പോള്‍ ഓര്‍ത്തുപോയി ഞാന്‍ നിന്നെയും
നീ നല്‍കിയ സ്വപ്നങ്ങളും
മദിച്ചുല്ലസിച്ചവള്‍ തിരികെ പോയപ്പോളിവിടെ
മറന്നു വെച്ചത് ഒരുപിടി വാടിയ പൂക്കളായിരുന്നു.
രാത്രിയാം കറുത്ത സുന്ദരിയോടൊപ്പം
കണ്ണിമയ്ക്കാതെ ഞാന്‍ കാത്തിരിക്കെ
തിങ്കളിന്‍ പ്രേമദൂതുമായി അവളുടെ അരികില്‍
നിന്നെത്തും ഇളം തെന്നലെന്നോട് ചോദിച്ചു
"വന്നില്ലേ അവന്‍ ഇന്നേവരെ"
ഇറ്റിറ്റ് വീഴുമെന്‍ കണ്ണീര്‍ തുടച്ചുകൊണ്ടവള്‍ മൊഴിഞ്ഞു
"കാത്തിരിപ്പിനും ഒരു സുഖം ഉണ്ട്"
കാത്തിരുന്നു ഞാന്‍
ഇപ്പോഴും കാത്തിരിക്കുന്നു ഋതുക്കള്‍ മാറുന്നതും നോക്കി
എനിക്ക് മുന്നില്‍ കൊഴിയുന്ന ഇലകളും,
വാടി വീഴുന്ന പൂക്കളും നോക്കി
എന്‍റെ മുടിയിഴകളില്‍ വെള്ളിരേഖ തെളിയുന്നതും
യൌവനത്തുടിപ്പുകളെന്നില്‍ നിന്ന് മായുന്നതും
നോക്കി ഞാനിപ്പോഴും കാത്തിരിക്കുന്നു.
കണ്ണിന്‍ മുന്നിലെ ഉരുകാത്ത മൂടല്‍ മഞ്ഞിലൂടെ
ഉലഞ്ഞെത്തുന്ന നിഴല്‍ രൂപം കാണുമ്പോള്‍


വെറുതെയെങ്കിലും ഞാനാശിക്കും

അത്....അത് നീയായിരുന്നെങ്കിലെന്നു.

3 comments:

  1. ഒഴിഞ്ഞ ഈ പാതയില്‍ കണ്ണുംനട്ട് ഞാന്‍
    കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നേരമേറെയായി.
    നീ... വരില്ലെന്ന് അറിയാമായിരുന്നിട്ടും
    തുടരുന്നു ഞാനി തപസ്യ

    ReplyDelete