Sunday, 4 August 2013

അമ്മയുടെ ദുഃഖം

പേറ്റുനോവിന്‍റെ കിതപ്പിലും ഓമനതന്‍ കുഞ്ഞുമുഖം
ഓര്‍മ്മകളില്‍ പരതി നീ പുഞ്ചിരിച്ചില്ലെ...
മാറിടത്തില്‍ പാല്‍ തൂവുമ്പോള്‍
മാതൃത്വത്തിന്‍ മാധുര്യം നുണഞ്ഞു നീ ഉറങ്ങിയില്ലേ...?
കൈ കാല്‍ വളരുമ്പോഴും , പിച്ച നടന്നവന്‍ വീഴുമ്പോഴും
വീണ്ടുമൊരു ശൈശവത്തിന്‍ മൃദുലതയില്‍ നീ‍‍-
എത്തിയപ്പൊഴും, നിന്‍റെ സ്വപ്നങ്ങളില്‍
എപ്പൊഴൊ അവനൊരു ഉണ്ണിക്കണ്ണനായി മാറിയപ്പൊള്‍
എവിടെയൊ നീ ഒരു കാളിന്ദി തേടി, പക്ഷെ,....
വളര്‍ച്ചയുടെ പടവുകളില്‍ , എവിടെയാണമ്മെ,
നിന്‍റെ സ്നേഹത്തിന്‍റെ തൂവമൃതിനെ അവന്‍ മറന്നത്...?
കൂട്ടുക്കാരന്‍റെ രക്തത്തിനു, മുലപ്പാലിനെക്കാള്‍
മാധുര്യം അവന്‍ തേടിയതെപ്പോഴമ്മേ....?
ഏത് യുഗത്തിന്‍റെ അവസാനത്തിലാണമ്മേ
അവന്‍ ദുര്യൊധനാവതാരം പൂണ്ടത് ?
പണ്ട് പാടിയ സ്നേഹഗാഥക്ക് പകരമിപ്പോഴവന്‍റെ
പുല്ലാങ്കുഴലില്‍ നിറയുന്ന നാദമേതമ്മേ ?
കണ്‍ മുന്നില്‍ ജീവന്‍റെ ചുവന്ന റോസാപ്പൂക്കള്‍
അടര്‍ന്നു വീഴുമ്പോള്‍ പുഞ്ചിരിക്കാനവന്‍ പഠിച്ചത്
എപ്പൊഴെന്നു നീ അറിഞ്ഞുവൊ?
അവന്‍റെ പാതയിലെ മുള്ളുകള്‍ സ്നേഹത്താല്‍
വെട്ടിമാറ്റാമെന്ന് നീ കരുതിയതെന്തിനു ?
നിന്‍റെ കണ്ണുനീരിന്‍റെ പ്രവാഹത്തില്‍
അവന്‍റെ പാപം കഴുകാമെന്ന് നീയെന്തിനാണമ്മെ മൊഹിച്ചത്..?
എല്ലാത്തിനുമവസാനം അരങ്ങില്‍ നിന്നു അണിയറയിലേക്ക്
പിന്തിരിയുമ്പോള്‍ വെറുതെയെങ്കിലുമവന്‍ തിരിഞ്ഞു നോക്കിയാല്‍....
ഇരുട്ടിന്‍റെ അഗാധതയില്‍ എവിടെയെങ്കിലുമൊരു,
കണ്ണീര്‍ മുത്തവന്‍ തേടിയാല്‍,,,,,,
അമ്മേ , നീ നിന്‍റെ പാഞ്ചാലിയുടെ പ്രതികാരത്തില്‍ നിന്ന്
രേണുകയുടെ ക്ഷമയിലെക്ക് വീണ്ടൂമൊരമ്മയെപ്പൊലെ
കനിവാര്‍ന്ന്......അവനൊട് പൊറുക്കില്ലേ..?

No comments:

Post a Comment