അവനാണ് ആദ്യം ഉണർന്നത്,എപ്പോഴും അങ്ങനെ അല്ലാട്ടോ എന്നാ ഇപ്പോ കുറച്ചീസായി അവൻ നല്ല കുട്ടിയാ,എല്ലാ ദിവസവും അവളാ ആദ്യം ഉണരുക താൻ ഉണരും മുന്പ് ഉണരുന്നവൾ എന്ന ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാനാണെന്ന് അവളാ കുഞ്ഞിതത്തയുടെ ചെവിയിൽ പറയുന്നത് അവൻ കേട്ടതാ(ഒളിഞ്ഞുനിന്ന് കേട്ടതല്ലട്ടോ സത്യം).അവൻ ഉണര്ന്നു വരുമ്പോഴേക്കും എല്ലാരും ഉണര്ന്നിട്ടുണ്ടാകും അതിലവന് പരിഭവമോന്നും ഇല്ലാട്ടോ,ഇതിപ്പോ കുറച്ചീസായി ഒരു മാറ്റം അതിന് പറയാൻ അവനും ഉണ്ട്ട്ടോ ഒരു കാരണം,,,പണ്ടേ പോലെയല്ല അവനിപ്പോ,ഒരു ഒത്ത ചെറുപ്പക്കാരനാണ് അവന്റെയാ തടിയും നീളവും കണ്ടാ ആരും ഒന്ന് (വെറുതെ)നോക്കിപ്പോവും.
രാധകുട്ടിയുടെ കയ്യില് ആദ്യമായിയവൻ കാണുമ്പോ മെലിഞ്ഞു കൊലുന്ന ഒരു കൊച്ചു പെണ്ണായിരുന്നു അവള്.വടക്കെ അതിരിന്റെ മൂലയിൽ കുഴികുത്തി കുഴിച്ചിടുബോഴും അവളുടെയാ രണ്ടോമൂന്നോ ഇലകൾ വാടിതൂങ്ങി തന്നെയ്യായിരുന്നു,രണ്ടീസം വെള്ളവും രാധക്കുട്ടിയുടെ തലോടലും കിട്ടിക്കഴിഞ്ഞപ്പോ പെണ്ണോന്നുഷരായി,അന്ന് മുതലാ അവനവളെ ശ്രെദ്ധിച്ചു തുടങ്ങിയെ,ഒരു നാണം കുണുങ്ങി പെണ്ണ് അവളെ പറ്റി ആദ്യമവനു തോന്നിയത്അതായിരുന്നു.
പിന്നെ പിന്നെ രാധകുട്ടി വളര്ന്നു,അമ്മു വളർന്നു,അപ്പു ,അച്ചു,കിട്ടു,എല്ലാരും വളര്ന്നു.കൂടെ അവനും അവളും..കാലത്തിനു മാത്രാ ഒരു മാറ്റവും ഇല്ലാത്തെ എന്നവനു തോന്നാറുണ്ട്,എല്ലാരും പലവഴിക്കായി,രാധക്കുട്ടി ഇപ്പോ കോളേജിലാ,അതിന്റെ ഒരു ഗമയൊക്കെ ഉണ്ട്ട്ടോ പെണ്ണിന്,ആദ്യമൊക്കെ രാവിലെ സ്കൂളിൽ പോവുംമുന്പ് രാധാക്കുട്ടി അവളുടെ അടുത്തെത്തും,എന്തൊക്കെയോ അവളുടെ ചെവിയിൽ മന്ത്രിച്ചിട്ടാ രാധക്കുട്ടി പോവുക,ഇപ്പോ അതൊന്നും ഇല്ലട്ടോ,വേറൊരു രഹസ്യം ഉണ്ട്ട്ടോ രാധാക്കുട്ടിയെ കാണാൻ ചെക്കന്മാര് വരാൻ തുടങ്ങി അതിന്റെ കൂടെയാ ഈ കാണിക്കുന്ന ഗമ.
അപ്പുവും അച്ചുവും കിട്ടുവും പത്താം ക്ലാസ്സില് തോററ് തുന്നം പാടിയതോടെ ഓരോ പണിക്ക് പോയിതുടങ്ങി,ഇടയ്കൊക്കെ ചെക്കന്മാര് വരും പിന്നിലോളിപ്പിച്ച ബീഡിതുണ്ടുമായി,തന്റെ ചോട്ടിൽ വട്ടം കൂടിയിരുന്നു സൊറ പറയാൻ....
പിന്നെ അമ്മുകുട്ടി,,, അവള്,,,ഒരീസം ഒരു പനി വന്നതത്രെ,പിന്നെ കേട്ടത് അമ്മു പോയിന്നാ....
അവളിപ്പോ തെക്കേ തൊടിയില്...അവളുടെ തലയ്ക്കൽ ഒരു തുളസി ചെടി നട്ട് വളര്തുന്നുടത്രേ അവളുടെ അമ്മ,മുടിതുമ്പിൽ ഒരു തുളസി കതിർ ഇല്ലാതെ അമ്മുനെ കാണാറെയില്ല,അതോണ്ട് അങ്ങ് സ്വര്ഗത്തിലിരുന്നും അവള്ക്ക് മുടിയിൽ ചൂടാൻ ആ അമ്മ...
അങ്ങനെ മാറ്റങ്ങളെ നെഞ്ചേറ്റി,മൂകനായി ഒരു പറമ്പിന്റെ അങ്ങേ തലയ്ക്ക് അതിരായി അവനും ഇങ്ങെ തലയ്ക്കൽ അവളും അതിരായി.
ഇപ്പോ അവളുടെ ഓരോ ചില്ലകിടയിൽ മൊട്ടുകൾ കുലകളായി വിരിയാൻ തുടങി.വല്ല്യയൊരു പെണ്ണായാതിന്റെ ഗമയിൽ അവളിങ്ങനെ കുണുങ്ങി നിക്കുന്നത് കാണുമ്പോ അവന്റെ നെഞ്ചിലൊരു കുളിർമഴയാ...അവളുടെയാ മൊട്ടുകൾ സ്വർണ്ണവർണ്ണത്തിൽ വിരിഞ്ഞ് നിറയെ കൊന്നപൂക്കള്മായി ആരെയും കൊതിപ്പിക്കുന്ന ഭംഗിയിൽ അവളിങ്ങനെ നില്കുമ്പോ അവനെങ്ങനെയാ അവളെ പ്രണയിക്കാതിരിക്കുക,അവനിപ്പോ പ്രണയിക്കാതിരിക്ക്യ..അവനിപ്പോ പ്രണയത്തിലാ,,,അവളോടുള്ള വല്ലതോരിഷ്ട്ടത്തിൽ...
എത്ര കാലത്തേക്ക് എന്നവനറിയില്ല,,അതിര് നിക്കുന്ന അവനെപ്പോലുള്ള മരങ്ങളെ വെട്ടിമാറ്റി കല്മതിൽ ആകുന്നിടത്തോളം കാലം അവനു ജീവിക്കാം ,അതുവരെ അവളെ പ്രണയിക്കാം,പ്രണയിച്ചു കൊണ്ടെയിരിക്കാം...
വിഷു ദിനത്തിൽ അവളുടെ അവസാനത്തെ പുഞ്ചിരിയെയും പറിച്ചെടുത്ത് മനുഷ്യൻ ഐശര്യം കണികാന്നുംബോഴും,പിന്നെയും അവനു അവളെ പ്രണയിക്കാം,കാരണം അവൻ മനുഷ്യനല്ലല്ലോ,,,മരമല്ലേ വെറുമൊരു മരം .....
No comments:
Post a Comment