Saturday, 3 August 2013

നഷ്ടം


നഷ്ടപ്പെടുകയാണ് എനിക്ക്,
അമ്മിഞ്ഞയുടെ മാധുര്യവും
അമ്മയുടെ മടിത്തട്ടും.
ഇനിയൊരു കുഞ്ഞായി
പിറവിയെടുക്കും വരെയുള്ള
ജന്മാന്തരങ്ങളോളം നീളുന്ന നഷ്ടം.
നഷ്ടപ്പെട്ടുകയാണ് എനിക്ക്,
ഉറയ്ക്കാത്ത കാലടികള്‍ക്ക് 
താങ്ങായി നീളുന്ന കരങ്ങളും.
തണലാവുന്ന സ്നേഹവും
നടക്കാനിനിയും പഠിക്കാത്ത
ജീവിതത്തിലങ്ങോളം നീളുന്ന നഷ്ടം.
നഷ്ട്പ്പെടുകയാണ് എനിക്ക്,
കൂട്ടിവായിക്കാനറിയാത്ത അക്ഷരങ്ങളും 
കൂടെ ചൊല്ലിത്തരുന്ന 
പിഴയ്ക്കാത്ത ചുണ്ടുകളും
പറഞ്ഞു തീരാത്ത ജന്മകഥയിലെ
നാവിലിനിയും പിറക്കാത്ത
വാക്കുകളൊളം നീളുന്ന നഷ്ടം.
നഷ്ട്പ്പെടുകയാണ് എനിക്ക്,
കുഞ്ഞിളം മെയ്യിലെ കുഞ്ഞുടുപ്പും 
കുഞ്ഞിക്കാലിലെ മണിക്കിലുക്കവും
എനിക്കായുള്ളോരു മേല്‍ക്കുപ്പായവും
തേടിയുളള എന്‍റെ പരക്കം പാച്ചിലില്‍-
മറവിയിലെക്കെറിഞ്ഞ 
ഓര്‍മ്മകളോളം നീളുന്ന നഷ്ടം.
നഷ്ട്പ്പെടുകയാണ് എനിക്ക്,
നെറ്റിയിലെ ചന്ദനവും 
കിലുങ്ങുന്ന കുപ്പിവളകളും
പിരിഞ്ഞു പോയ വഴികളിലങ്ങോളം 
മുഴങ്ങുന്ന, കൂട്ടുക്കാരികളൂടെ
പൊട്ടിച്ചിരികള്‍‍ക്ക് പകരം
വെയ്ക്കാനാവാതെ നീളുന്ന നഷ്ടം.
നഷ്ട്പ്പെടുകയാണ് എനിക്ക് ,
പ്രണയത്തിന്‍റെ സ്നിഗ്ദ്ധതയും
പ്രണയിനിയുടെ നൊമ്പരവും,
മനസ്സില്‍ നിന്നും ഊര്‍ന്നിറങ്ങിയ
മഞ്ഞിന്‍റെ നൈര്‍മ്മല്യത്തോളം
വിലമതിക്കാനാവാതെ നീളുന്ന നഷ്ടം.
നഷ്ട്പ്പെടുകയാണ് എനിക്ക്,
എന്‍റെ എകാന്തവീഥിയുടെ
ഇരുവശങ്ങളിലെ പൂക്കളൂം
കാതിലെക്കിറ്റു വീഴുന്ന സംഗീതവും
കാണാനും കേള്‍ക്കാനും മറന്ന 
മറക്കാന്‍  കൊതിക്കുന്ന
കാലങ്ങളോളം നീളുന്ന നഷ്ടം 
നഷ്ട്പ്പെടുകയാണ് എനിക്ക്,
ആര്‍ക്കോക്കെയോ വേണ്ടി
ജീവിച്ച ഈ ജീവിതവും
ആര്‍ക്കോ വേണ്ടീയുള്ള 
ഈ കാത്തിരിപ്പും.
അറിയാതെ ഉടയുന്ന
കുപ്പിവളകളോടൊപ്പം
പെറുക്കിയെടുക്കാന്‍ കഴിയാത്ത
എന്‍റെ വിഥിയോളം നീളുന്ന നഷ്ടം.
നഷ്ട്പ്പെടുകയാണ് എനിക്ക്,
ജീവിതത്തൊടുള്ള മോഹവും
മരണത്തൊടുള്ള വിദ്വേഷവും 
അടര്‍ന്നു വീഴുന്ന പൂക്കളോളം
കരിഞ്ഞുപ്പോവുന്ന
കിനാക്കളോളം നീളുന്ന നഷ്ടം 

No comments:

Post a Comment