Thursday, 15 August 2013

വ്യര്‍ത്ഥമോഹം


ഒഴിഞ്ഞ ഈ പാതയില്‍ കണ്ണുംനട്ട് ഞാന്‍
കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നേരമേറെയായി.
നീ... വരില്ലെന്ന് അറിയാമായിരുന്നിട്ടും
തുടരുന്നു ഞാനി തപസ്യ
ആരുടെയോ വിരുന്നു കാരിയായി എത്തിയ
വസന്തം എന്‍ കാതില്‍ മെല്ലെ ചൊല്ലി
"പണ്ടെ അവന്‍ മറന്നല്ലോ നിന്നെ"
നുണക്കുഴി തെളിയെ ചിരിച്ചും കൊണ്ടവളത്
പറഞ്ഞപ്പോള്‍ ഓര്‍ത്തുപോയി ഞാന്‍ നിന്നെയും
നീ നല്‍കിയ സ്വപ്നങ്ങളും
മദിച്ചുല്ലസിച്ചവള്‍ തിരികെ പോയപ്പോളിവിടെ
മറന്നു വെച്ചത് ഒരുപിടി വാടിയ പൂക്കളായിരുന്നു.
രാത്രിയാം കറുത്ത സുന്ദരിയോടൊപ്പം
കണ്ണിമയ്ക്കാതെ ഞാന്‍ കാത്തിരിക്കെ
തിങ്കളിന്‍ പ്രേമദൂതുമായി അവളുടെ അരികില്‍
നിന്നെത്തും ഇളം തെന്നലെന്നോട് ചോദിച്ചു
"വന്നില്ലേ അവന്‍ ഇന്നേവരെ"
ഇറ്റിറ്റ് വീഴുമെന്‍ കണ്ണീര്‍ തുടച്ചുകൊണ്ടവള്‍ മൊഴിഞ്ഞു
"കാത്തിരിപ്പിനും ഒരു സുഖം ഉണ്ട്"
കാത്തിരുന്നു ഞാന്‍
ഇപ്പോഴും കാത്തിരിക്കുന്നു ഋതുക്കള്‍ മാറുന്നതും നോക്കി
എനിക്ക് മുന്നില്‍ കൊഴിയുന്ന ഇലകളും,
വാടി വീഴുന്ന പൂക്കളും നോക്കി
എന്‍റെ മുടിയിഴകളില്‍ വെള്ളിരേഖ തെളിയുന്നതും
യൌവനത്തുടിപ്പുകളെന്നില്‍ നിന്ന് മായുന്നതും
നോക്കി ഞാനിപ്പോഴും കാത്തിരിക്കുന്നു.
കണ്ണിന്‍ മുന്നിലെ ഉരുകാത്ത മൂടല്‍ മഞ്ഞിലൂടെ
ഉലഞ്ഞെത്തുന്ന നിഴല്‍ രൂപം കാണുമ്പോള്‍


വെറുതെയെങ്കിലും ഞാനാശിക്കും

അത്....അത് നീയായിരുന്നെങ്കിലെന്നു.

Sunday, 4 August 2013

കാത്തിരിപ്പ്

ഞാന്‍ കാത്തിരിക്കുകയാണ്, ഒരുപാട് നേരമായി ഞാനീ
സ്റ്റേഷനിലെ ചാരുബെഞ്ചില്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട്...
എന്‍റെ വണ്ടി, അതിനിയും ചൂളം കുത്തി ഓടിത്തളര്‍ന്ന്,
കിതച്ചും കൊണ്ടീ സ്റ്റേഷനിലെത്തിയിട്ടില്ല !!
മുഷിവ്,,,മറ്റുള്ളവര്‍ക്ക് അത് തോന്നിതുടങ്ങിയോ..
എന്നെനിക്കറിയില്ല,,,പക്ഷെ,,ഒന്നെനിക്കറിയാം,,,,,
എനിക്ക് മടുത്തു തുടങ്ങിയിരിക്കുന്നു !!

നേരത്തെയെത്താത്ത,...നേരം തെറ്റിയൊടാത്ത,..
ആ വണ്ടിയിലെ ഏക സഞ്ചാരി ഞാന്‍ മാത്രമാണോ
അതും എനിക്കറിയില്ല....എനിക്കൊന്നേ അറിയൂ,...
ഞാനീ സ്റ്റേഷനിലെ ചാരുബെഞ്ചില്‍
കാത്തിരിക്കാന്‍ തുടങിയിട്ടെറെ നാളായി !!!
ഞാന്‍ അനേഷിക്കുകയാണ്,..ചുറ്റുമിപ്പോള്‍....
എനിക്ക് മുമ്പേയും പിമ്പേയും വന്നവര്‍
അധികം പേരും, ഈ,സ്റ്റേഷന്‍ വിട്ടെഴിഞ്ഞിരിക്കുന്നു !!

അവരുടെ വണ്ടികള്‍ ഈ അതിര്‍ത്തി വിട്ട്,...
എപ്പഴേ പൊയിരിക്കുന്നു, എന്നിട്ടും,..
എനിക്ക് യാത്ര പോകാനുള്ള ആ വണ്ടി
അതു മാത്രം ഇനിയുമീ സ്റ്റേഷനിലെത്തിയിട്ടില്ല !!
ഞാനിപ്പോള്‍ മനസ്സിലാക്കുന്നു എനിക്ക് ചുറ്റും,...
എന്തൊക്കയൊ കൊഴിഞ്ഞു പൊയിരിക്കുന്നു !!
എന്‍റെ ഈ ഇരിപ്പിടവും ഒടിഞ്ഞു തുടങ്ങാറായിരിക്കുന്നു !!
എന്നിട്ടും ഞാന്‍ കാത്തിരിക്കുകയാണ്,,,,!!
സ്റ്റേഷനിലെ ഈ ചാരുബെഞ്ചില്‍,...
ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ടേറെക്കാലമായ്,...
ഏറെ....ഏറെ...

ചോദ്യം .....???

   ആരാ...?                                                            
എന്‍റെ മുഖത്തേക്കുറ്റു നോക്കികൊണ്ട് നീ വീണ്ടും ചോദിച്ചു, ആരാ...?
ചുണ്ടിൽനിന്നു, കാതിലേക്കാ ചോദ്യമൊരു പ്രവാഹമായപ്പോള്‍
നിന്‍റെ നീല മിഴികളിൽ വിതച്ച എന്‍റെ നയനങ്ങള്‍ ഞാൻപറിച്ചു നട്ടു
നിന്‍റെ കാൽപ്പാദത്തിലേക്ക്, എന്നിട്ട് ആ ചോദ്യത്തെ ചൂണ്ടയിൽ
കൊരുത്ത‍ ഇരയെപ്പോലെ, മനസ്സെന്ന നീര്‍ പൊയ്കയിലേക്കെറിഞ്ഞു.
“”നിന്‍റെയാരാ“” ഞാനെന്ന‍ ചോദ്യത്തിനുത്തരവും തേടി....
നിന്നോടൊന്നും പറയാനില്ലാതെ വെറുതെ നിൽക്കുമ്പോള്‍
എന്തിനെന്നറിയയാതെ മനസ്സ് പിന്തിരിഞ്ഞു നടന്നു.
ഓര്‍മ്മകളിലെക്ക്, തിരിച്ചു വിളിച്ചിട്ടും നിൽക്കാതെ.
കൊഴിഞ്ഞു പോയ കാലത്തിനും സ്വപനങ്ങള്‍ക്കും
എന്തോരു തിളക്കമാണ് !! (ഞാനത്ഭുതപ്പെട്ടുപോയി)

അന്നു നീയെന്‍റെ കാതിൽ മൊഴിഞ്ഞതു
ഞാൻ നിന്റെയാരോ ആണെന്നല്ലെ
നിനക്കൊരു സാന്ത്വനമാണെന്നും, നിന്‍റെ എകാന്തതകളെ
മൂകമായി നെഞ്ചിലെറ്റുന്ന താരമാണെന്നും
നിന്‍റെ വേദനകളെ അലിയിക്കുന്ന ഒരു മഞ്ഞു തുള്ളിയാണെന്നും,
നീയല്ലെ എന്‍റെ ഹ്യദയത്തോട് മന്ത്രിച്ചത്...
പക്ഷെ, ഇപ്പോള്‍ നീ ചോദിക്കുന്നെന്നോട് ആരാണെന്ന്.
അറിയില്ല നിനക്ക് ഞാൻ ആരായിരുന്നെന്നും,...
എനിക്ക് നീ ആരായിരുന്നെന്നും ഇന്നുമെനിക്കറിയില്ല...
എന്നിട്ടും, നിന്നെ തേടി.... നിന്‍റെ നിഴൽ തേടി...
നീ എനിക്ക് തരാമെന്നു പറഞ്ഞ ആ തണൽ തേടി, ഞാനെത്തി
സ്ത്രി ജന്മത്തിന്‍ പാപഭാരം മുഴുവനും
വഴിയരികിൽ ഉപേക്ഷിച്ചു കൊണ്ട് !!
എന്നാൽ നീയിപ്പൊള്‍ ഇലകളില്ലാത്ത ഒരു വൻ വൃക്ഷമായ്
എനിക്ക് മുന്നിൽ വളര്‍ന്നു നിൽക്കുകയാണ്
ഒരു ചോദ്യചിഹ്നം പോലെ....
ഞാനാരാണെന്ന നിന്‍റെ ചോദ്യത്തിനു
ഇനിയുമൊരു ഉത്തരം നൽകാൻ കഴിയാതെ
ഞാൻ തളരുമ്പോഴും കാതില്‍ പ്രതിധ്വനിക്കുന്നതു
ആ ചോദ്യമാണ്,,,,ആരാ,,,??

അയാളും മഴയും

വഴിയോരത്ത് ഇരുവശങ്ങളിലുമായി കൊഴിഞ്ഞു കിടക്കുന്ന അലസിപ്പൂക്കള്‍,അവയുടെ ചുവപ്പ് കണ്ണീലേക്ക് ഊറ്റിയെടുക്കുമ്പോള്‍ അയാള്‍ ആലോചിച്ചു. പണ്ട് താനീ വഴിയരികില്‍ ഉപേക്ഷിച്ച തന്‍റെ സ്വപനങ്ങള്‍ക്കും,,,,,മോഹങ്ങള്‍ക്കും ഇതേ നിറമായിരുന്നല്ലോ....കയ്യിലുള്ള ബാഗ് കക്ഷത്തിലിറുക്കി കൊണ്ട് ,ഒരു കയ്യാല്‍ മുണ്ടിന്‍റെ അറ്റം തെരുകിപ്പിടിച്ച് അയാല്‍ നടന്നു. ആ വഴിയില്‍ അയാള്‍ തനിച്ചായിരുന്നു...തന്നെ പിന്തുടാരാനും, തനിക്ക് കൂട്ടായെത്താനും ഇന്നെവരെ ആരുമുണ്ടായിരുന്നില്ലല്ലോ എന്ന് അയാളൊര്‍ത്തു....
നേര്‍ത്ത തണൂത്തോരു കാറ്റ് തഴുകി കടന്നുപൊയപ്പൊള്‍ അയാളോന്ന് ആകാശത്തെക്ക് നോക്കി, പശ്ചിമ ചക്രവാളത്തില്‍ ചുവപ്പ് രാശിയിന്മെല്‍ കറുപ്പ് ഒരു ദുശ്ശകുനം പൊലെ പടര്‍ന്നിരിക്കുന്നു, മഴ പെയ്തെക്കുമൊ..? അയാളൊന്നു ശങ്കിച്ചു,,തന്‍റെ ആ വഴിയോര സത്രത്തിലേക്ക് ഇനിയുമുണ്ടല്ലോ ഏറെ ദൂരം...
മഴയുടെ ഓര്‍മ്മ മനസിലേക്ക് ഓടിയെത്തിയപ്പോള്‍ അയാളാകെ തളര്‍ന്നു, എന്നും എന്തെങ്കിലും പ്രത്യേകതകള്‍ തന്‍റെ ജീവിതത്തില്‍ സംഭിവിക്കുമ്പോള്‍ മാത്രമെ തനിക്കു കൂട്ടായി മഴയെത്താറുള്ളൂ. തന്‍റെ ദുഖത്തെയും സന്തോഷത്തെയും പങ്ക് വെക്കാന്‍ മഴ എന്നും തന്നൊടപ്പൊമുണ്ടായിരുന്നു എന്ന് അയാളോര്‍ത്തു....പിന്നെ കാലുകള്‍ നീട്ടിവച്ച് അയാള്‍ നടന്നു. ഓര്‍മ്മകളിലേക്കോ, അതോ അയാളുടെയാ വഴിയോര സത്രത്തിലേക്കൊ...
ഓര്‍മ്മകളില്‍ മഴ ചിന്നി ചിന്നി ചാറാന്‍ തുടങ്ങിയിരുന്നു, എന്നിട്ടും അയാളാ പൂമരത്തിനു ചുവട്ടില്‍ നിന്നു, ആരെയൊ കാത്തെന്നവണ്ണമുള്ള അയാളുടെ നിൽപ്പില്‍ ഒരു പ്രണയാതുരന്‍റെ വെപ്രാളമുണ്ടായിരുന്നു. കനത്തുപെയ്യുന്ന മഴയൊടൊപ്പം മുന്നിലെത്തിയ പാവാടക്കാരീയെ സൂക്ഷിച്ചു നോക്കി അയാള്‍ ചോദിച്ചു,“ഓര്‍മ്മയുണ്ടോ നമ്മുടെ ആദ്യ സമാഗമത്തിനു പിന്നണീ പാടിയതു ഇതുപൊലൊരു മഴയായിരുന്നു” ഓര്‍മ്മകളൊന്നും തനിക്ക് അന്യമായിട്ടിലെന്ന മട്ടില്‍ അവളൊന്നു പുഞ്ചിരിച്ചു, പക്ഷെ അതിനു ചാരുത കുറവായിരുന്നു, എന്തൊ പറയാന്‍ വെമ്പിയ ആ ചുണ്ടില്‍ നിന്നും ഒന്നും അടര്‍ന്നു വീണില്ല. പകരം മഴത്തുള്ളികള്‍ അവളുടെ ചുണ്ടുകളില്‍ നിന്നും ഒളിച്ചിറങ്ങിയിരുന്നു... എന്നിട്ടും അയാളുടെ നെഞ്ചില്‍ കുഞ്ഞാറ്റകിളികള്‍ ചിറകടിച്ചാര്‍ത്തു. ആര്‍ത്തലച്ചു പെയ്ത മഴയൊടൊപ്പം അവളൂം പിന്തിരിഞ്ഞപ്പോള്‍ അയാല്‍ തന്‍റെ കിനാവിലെ കുഞ്ഞുകിളിയെ തിരയുകയായിരുന്നു..കിളി ഒഴിഞ്ഞ ആ ഓര്‍മ്മകളുടെ കിളികൂട് ഭദ്രമായി അടച്ചു വച്ചു അയാള്‍ നടന്നു, ജീവിതത്തിന്‍റെ മുള്‍മുനകളിലേക്ക് ആരുടെയും കൂട്ടില്ലാതെ,...ഓരോ ബന്ധങ്ങളും ബന്ധനങ്ങളാണ്,...അല്ലെങ്കില്‍ ബന്ധങ്ങളെല്ലാം മഴയത്ത് വിരിഞ്ഞ നീര്‍ക്കുമിളകള്‍ പൊലെയാണെന്നു ആരൊ അയാളുടെ മനസിലിരുന്ന് മന്ത്രിച്ചു.........
ഒരു മിന്നല്‍പ്പിണര്‍ തലയ്ക്കു മുകളിലൂടെ പാഞ്ഞുപോയപ്പൊഴാണ് അയാള്‍ ഞെട്ടിയത് ..താനിത്രയും നേരം മഴയും നനഞ്ഞു നടക്കുകയായിരുന്നു എന്നയാളറിഞ്ഞിരുന്നില്ല,,ഇരുട്ടത്തു മഴ നനഞ്ഞു വിറങ്ങലിച്ചു നില്‍ക്കുന്ന തന്‍റെ വീടിനെ നെറ്റിക്ക് മുകളില്‍ കയ്യ് വച്ചു അയാളൊന്നു ഏന്തിവലിഞ്ഞു നോക്കി...മുറ്റത്തെക്ക് നടക്കുമ്പോള്‍ അയാളാലോചിച്ചു ,ഇന്ന് തന്നെ ബാധിക്കുന്ന എന്ത് വിശേഷമാണാവോ ഈ മഴയ്ക്ക് പറയാന്നുള്ളത്,,,,,തന്നെ മാത്രം കാത്തിരിക്കുന്ന വീടിന്‍റെ കോലായിലെക്ക് കയറുമ്പോള്‍ അയാളോന്നമ്പരന്നു,,ആരൊ തണുത്തു വിറച്ചു കൂനിക്കൂടി കോലായിലിരിക്കുന്നു,,,,തന്നെ തേടിയെത്തിയ ആ വിരുന്നുക്കാരനാരെന്നറിയാന്നുള്ള തിടുക്കത്തില്‍ അയാള്‍ കോലായിലെ ലൈറ്റിന്‍റെ സ്വിച്ച് ഓണ്‍ ചെയ്തു.എന്നിട്ടും എന്തോ..ബള്‍ബ്‌ പ്രകാശിച്ചില്ല. മഴയില്‍ കറന്‍റ് കട്ട് ആയതാവാം...പിന്നെ അയാള്‍ വളരെ താഴ്ന്ന സ്വരത്തില്‍ ചോദിച്ചു ,,,,ആരാ,,?
കൂനിക്കൂടിയിരുന്ന ആ രൂപം മെല്ലെ എഴുന്നെറ്റു,,,മെല്ലെ ,...വളരെ മെല്ലെ പറഞ്ഞു,,,ഞാന്‍,,ഞാന്‍,,,അത്രയെ അയാള്‍ കേട്ടുള്ളൂ,,അപ്പൊഴെക്കും അയാളാകെ വിറങ്ങലിച്ചു നിന്നു,,,,ആ ശബ്ദം ,തന്‍റെ ബോധമണ്ഡലത്തില്‍ എവിടെയൊ ഉറഞ്ഞു കിടപ്പുണ്ടായിരുന്നല്ലൊ,,,അതിപ്പൊള്‍ ഉരുകാന്‍ തുടങ്ങിയിരിക്കുന്നു,,വിക്കി വിക്കി അയാള്‍ ചോദിച്ചു ,,ഇവിടെ,,?..ഒന്നും പറയാനില്ലാതെ നില്‍ക്കുന്ന അവളുടെ മുഖമൊന്നു കാണാന്‍,,,(വെറുതെ ഒന്നു കാണണമെന്നു അയാള്‍ക്ക്‌ തോന്നി) ആഗ്രഹിച്ചു. പെട്ടെന്ന് ഒരു മിന്നല്‍പ്പിണര്‍ അവരുടെ ഇടയിലൂടെ കടന്നുപൊയപ്പൊള്‍ തല കുനിച്ചു നില്‍ക്കുന്ന ആ രൂപത്തെ അയാള്‍ കണ്ടൂ,,,ഒരു നിമിഷത്തേക്കു മാത്രം! മനസിനെ അലിയിക്കുന്ന ഈ രൂപം ഇതു തന്‍റെ ‘’സ്വപ്ന‘’മായിരുന്നല്ലൊ,,,‘’തന്‍റെ മനസ്സ് ‘’,,,,താന്‍ എന്നൊ സൂക്ഷിക്കാന്‍ കൊടുത്ത ‘’ തന്‍റെ മനസ്സ് ‘’അതിവളാണല്ലൊ,,,
ഒന്നും പറയാതെ വീടിന്‍റെ അകത്തളത്തിലേക്ക് അയാളവളെ സ്വീകരിച്ചു, വീണ്ടുമൊരിക്കല്‍ ക്കൂടി അവള്‍ തന്നില്‍ നിന്നകലാതിരിക്കാനെന്നൊണം അയളവളെ ചേര്‍ത്തു പിടിച്ചു.
പുറത്ത് മഴ തിമിര്‍ത്തു പെയ്യുമ്പോള്‍ അകത്തളത്തില്‍ അവളുടെ കയ്യുകള്‍ രണ്ടും തന്‍റെ കൈകള്‍ക്കുള്ളിലൊതുക്കി അയാളിരുന്നു,,,ഇനിയൊരിക്കലും ,,,ഒരുപക്ഷേ മരണത്തിനു പൊലും ഇവളെ താന്‍ നല്‍കില്ലെന്ന മനസ്സുറപ്പോടെ,,,
വഴിയൊരത്തു കാറ്റടിച്ചുലയുന്ന അലസിച്ചെടിയില്‍ നിന്നും അപ്പൊഴും മഴയില്‍ നനഞ്ഞു കുതിര്‍ന്ന പൂക്കള്‍ കൊഴിഞ്ഞു കൊണ്ടീരുന്നു,,,

അമ്മയുടെ ദുഃഖം

പേറ്റുനോവിന്‍റെ കിതപ്പിലും ഓമനതന്‍ കുഞ്ഞുമുഖം
ഓര്‍മ്മകളില്‍ പരതി നീ പുഞ്ചിരിച്ചില്ലെ...
മാറിടത്തില്‍ പാല്‍ തൂവുമ്പോള്‍
മാതൃത്വത്തിന്‍ മാധുര്യം നുണഞ്ഞു നീ ഉറങ്ങിയില്ലേ...?
കൈ കാല്‍ വളരുമ്പോഴും , പിച്ച നടന്നവന്‍ വീഴുമ്പോഴും
വീണ്ടുമൊരു ശൈശവത്തിന്‍ മൃദുലതയില്‍ നീ‍‍-
എത്തിയപ്പൊഴും, നിന്‍റെ സ്വപ്നങ്ങളില്‍
എപ്പൊഴൊ അവനൊരു ഉണ്ണിക്കണ്ണനായി മാറിയപ്പൊള്‍
എവിടെയൊ നീ ഒരു കാളിന്ദി തേടി, പക്ഷെ,....
വളര്‍ച്ചയുടെ പടവുകളില്‍ , എവിടെയാണമ്മെ,
നിന്‍റെ സ്നേഹത്തിന്‍റെ തൂവമൃതിനെ അവന്‍ മറന്നത്...?
കൂട്ടുക്കാരന്‍റെ രക്തത്തിനു, മുലപ്പാലിനെക്കാള്‍
മാധുര്യം അവന്‍ തേടിയതെപ്പോഴമ്മേ....?
ഏത് യുഗത്തിന്‍റെ അവസാനത്തിലാണമ്മേ
അവന്‍ ദുര്യൊധനാവതാരം പൂണ്ടത് ?
പണ്ട് പാടിയ സ്നേഹഗാഥക്ക് പകരമിപ്പോഴവന്‍റെ
പുല്ലാങ്കുഴലില്‍ നിറയുന്ന നാദമേതമ്മേ ?
കണ്‍ മുന്നില്‍ ജീവന്‍റെ ചുവന്ന റോസാപ്പൂക്കള്‍
അടര്‍ന്നു വീഴുമ്പോള്‍ പുഞ്ചിരിക്കാനവന്‍ പഠിച്ചത്
എപ്പൊഴെന്നു നീ അറിഞ്ഞുവൊ?
അവന്‍റെ പാതയിലെ മുള്ളുകള്‍ സ്നേഹത്താല്‍
വെട്ടിമാറ്റാമെന്ന് നീ കരുതിയതെന്തിനു ?
നിന്‍റെ കണ്ണുനീരിന്‍റെ പ്രവാഹത്തില്‍
അവന്‍റെ പാപം കഴുകാമെന്ന് നീയെന്തിനാണമ്മെ മൊഹിച്ചത്..?
എല്ലാത്തിനുമവസാനം അരങ്ങില്‍ നിന്നു അണിയറയിലേക്ക്
പിന്തിരിയുമ്പോള്‍ വെറുതെയെങ്കിലുമവന്‍ തിരിഞ്ഞു നോക്കിയാല്‍....
ഇരുട്ടിന്‍റെ അഗാധതയില്‍ എവിടെയെങ്കിലുമൊരു,
കണ്ണീര്‍ മുത്തവന്‍ തേടിയാല്‍,,,,,,
അമ്മേ , നീ നിന്‍റെ പാഞ്ചാലിയുടെ പ്രതികാരത്തില്‍ നിന്ന്
രേണുകയുടെ ക്ഷമയിലെക്ക് വീണ്ടൂമൊരമ്മയെപ്പൊലെ
കനിവാര്‍ന്ന്......അവനൊട് പൊറുക്കില്ലേ..?

Saturday, 3 August 2013

നഷ്ടം


നഷ്ടപ്പെടുകയാണ് എനിക്ക്,
അമ്മിഞ്ഞയുടെ മാധുര്യവും
അമ്മയുടെ മടിത്തട്ടും.
ഇനിയൊരു കുഞ്ഞായി
പിറവിയെടുക്കും വരെയുള്ള
ജന്മാന്തരങ്ങളോളം നീളുന്ന നഷ്ടം.
നഷ്ടപ്പെട്ടുകയാണ് എനിക്ക്,
ഉറയ്ക്കാത്ത കാലടികള്‍ക്ക് 
താങ്ങായി നീളുന്ന കരങ്ങളും.
തണലാവുന്ന സ്നേഹവും
നടക്കാനിനിയും പഠിക്കാത്ത
ജീവിതത്തിലങ്ങോളം നീളുന്ന നഷ്ടം.
നഷ്ട്പ്പെടുകയാണ് എനിക്ക്,
കൂട്ടിവായിക്കാനറിയാത്ത അക്ഷരങ്ങളും 
കൂടെ ചൊല്ലിത്തരുന്ന 
പിഴയ്ക്കാത്ത ചുണ്ടുകളും
പറഞ്ഞു തീരാത്ത ജന്മകഥയിലെ
നാവിലിനിയും പിറക്കാത്ത
വാക്കുകളൊളം നീളുന്ന നഷ്ടം.
നഷ്ട്പ്പെടുകയാണ് എനിക്ക്,
കുഞ്ഞിളം മെയ്യിലെ കുഞ്ഞുടുപ്പും 
കുഞ്ഞിക്കാലിലെ മണിക്കിലുക്കവും
എനിക്കായുള്ളോരു മേല്‍ക്കുപ്പായവും
തേടിയുളള എന്‍റെ പരക്കം പാച്ചിലില്‍-
മറവിയിലെക്കെറിഞ്ഞ 
ഓര്‍മ്മകളോളം നീളുന്ന നഷ്ടം.
നഷ്ട്പ്പെടുകയാണ് എനിക്ക്,
നെറ്റിയിലെ ചന്ദനവും 
കിലുങ്ങുന്ന കുപ്പിവളകളും
പിരിഞ്ഞു പോയ വഴികളിലങ്ങോളം 
മുഴങ്ങുന്ന, കൂട്ടുക്കാരികളൂടെ
പൊട്ടിച്ചിരികള്‍‍ക്ക് പകരം
വെയ്ക്കാനാവാതെ നീളുന്ന നഷ്ടം.
നഷ്ട്പ്പെടുകയാണ് എനിക്ക് ,
പ്രണയത്തിന്‍റെ സ്നിഗ്ദ്ധതയും
പ്രണയിനിയുടെ നൊമ്പരവും,
മനസ്സില്‍ നിന്നും ഊര്‍ന്നിറങ്ങിയ
മഞ്ഞിന്‍റെ നൈര്‍മ്മല്യത്തോളം
വിലമതിക്കാനാവാതെ നീളുന്ന നഷ്ടം.
നഷ്ട്പ്പെടുകയാണ് എനിക്ക്,
എന്‍റെ എകാന്തവീഥിയുടെ
ഇരുവശങ്ങളിലെ പൂക്കളൂം
കാതിലെക്കിറ്റു വീഴുന്ന സംഗീതവും
കാണാനും കേള്‍ക്കാനും മറന്ന 
മറക്കാന്‍  കൊതിക്കുന്ന
കാലങ്ങളോളം നീളുന്ന നഷ്ടം 
നഷ്ട്പ്പെടുകയാണ് എനിക്ക്,
ആര്‍ക്കോക്കെയോ വേണ്ടി
ജീവിച്ച ഈ ജീവിതവും
ആര്‍ക്കോ വേണ്ടീയുള്ള 
ഈ കാത്തിരിപ്പും.
അറിയാതെ ഉടയുന്ന
കുപ്പിവളകളോടൊപ്പം
പെറുക്കിയെടുക്കാന്‍ കഴിയാത്ത
എന്‍റെ വിഥിയോളം നീളുന്ന നഷ്ടം.
നഷ്ട്പ്പെടുകയാണ് എനിക്ക്,
ജീവിതത്തൊടുള്ള മോഹവും
മരണത്തൊടുള്ള വിദ്വേഷവും 
അടര്‍ന്നു വീഴുന്ന പൂക്കളോളം
കരിഞ്ഞുപ്പോവുന്ന
കിനാക്കളോളം നീളുന്ന നഷ്ടം 

സ്വപ്നത്തുരുത്ത്


Thursday, 1 August 2013

അര്‍ച്ചന (കവയത്രി നന്ദിതയുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ )


                                                                                 
നീ കൊഴിഞ്ഞു പോയിരിക്കുന്നു

അല്ല, സ്വയം നിന്റെ ഇതളുകള്‍

നീ അടര്‍ത്തിമാറ്റിയിരിക്കുന്നു, എന്തിന്,,,,,,?

ജനിച്ചു മരിക്കാന്‍

ഇനിയും ഒരായിരം ജന്മങ്ങള്‍

തേടുന്നവരുടെ ഇടയില്‍ നിന്നും

വീണ്ടുമൊരു ജന്മം കൊതിക്കാതെ

നീയെന്തെ മറഞ്ഞു പോയത്....?

എന്തിനായിരുന്നു...?

(നിന്നെ അറിയുന്നവരെല്ലാം

ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യം)

ഞാനും നിന്നോട്,....വേണ്ട.
ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും

ഇടമില്ലാത്ത,..വേദനയ്ക്കും, സങ്കടത്തിനും

സ്ഥാനമില്ലാത്ത, ആകാശക്കോട്ടയിലിരുന്ന്

കണ്ണൂ ചിമ്മുന്ന കുഞ്ഞുനക്ഷത്രങ്ങളില്‍

ഒന്ന്, അതു നീയാണോ...?

എനിക്ക് നിന്നെ അറിയില്ല.

(ഇല്ല, തീരെ അറിയില്ല)

നിന്‍റെ വേദനകളോ,..നൊമ്പരങ്ങളോ, ഒന്നും....
എന്നിട്ടും നിന്‍റെയാ പേര്‍

അതു ചെവിടോരത്തെത്തുമ്പോള്‍

കണ്ണിണ തന്‍ തീരത്തടിയുമ്പോള്‍

എന്തൊ ഒന്നു,...എന്താണെന്നെനിക്കറിയില്ല..

അതെന്‍റെ നെഞ്ചില്‍ ഒരായിരം

കുന്തമുനകല്‍ കുത്തിയിറക്കുന്നു.

എന്‍റെ ആരുമായിരുന്നില്ലല്ലോ നീ,...
എന്നിട്ടുമെന്തേ,..ഒരു നേര്‍ത്ത നൊമ്പരമായി

ഉരുകിത്തീരുന്ന മെഴുകുതിരി പോലെ

എന്‍റെ മനസ്സില്‍ നീ, എരിഞു നില്‍ക്കാന്‍...???

അവസാനം ഞാനും ചോദിക്കട്ടെ നിന്നോട്,

നന്ദിതാ, എന്തിനായിരുന്നു,..???

എന്തിനായിരുന്നു നീ,...

ഒരു സാരിതുമ്പിന്‍റെ തലപ്പില്‍

ജീവിതം കുരുക്കിയെറിഞ്ഞതു??...

ആരെ,...? ആരെയാണ് നീ തോൽപ്പിച്ചത് ??

എപ്പോഴും നൊമ്പരങ്ങള്‍ മാത്രം തന്ന ജന്മത്തേയോ ?

അതോ,..തലവരയെന്നു എല്ലാവരും

എഴുതിത്തള്ളിയ നിന്‍റെ വിധിയേയോ ??....

ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍

മാത്രം ബാക്കിയായ, എന്‍റെ മനസ്സും,..

കൂടെ ഒരു പിടി വയലറ്റ് പൂക്കളും

നിന്‍റെയീ കല്ലറക്ക് മുകളില്‍,.. ഞാനര്‍പ്പിക്കട്ടെ..