ഇറയത്ത് തൂക്കിയിട്ടിരുന്ന ചെടിച്ചട്ടിയിലെ ഉണങ്ങി കരിഞ്ഞ കമ്പുകള്‍ എടുത്തു മാറ്റാന്‍ സ്റ്റൂളില്‍ കയറി നിന്നതാണ് സീത. അപ്പോഴാണ് ആ ചെടിയില്‍ ദിവസങ്ങളായി തൂങ്ങിയാടുന്ന പൊടിപ്പിടിച്ച കിളിക്കൂട് ശ്രദ്ധിച്ചത്.
"ഇതിപ്പോ ഇനിയെന്തിനാ..?
എന്ന് പിറുപിറുത്തും കൊണ്ട് ആ കിളിക്കൂട് പറിച്ചെടുത്തു ദൂരെ കളയാനുള്ള ശ്രമത്തിലായിരുന്നു അവള്. സ്റ്റൂളില്‍ കയറി നിന്ന് അഭ്യാസം കാണിക്കുന്ന സീതയെ കണ്ടു കൊണ്ടാണ് രേവതിയമ്മ ഇറയത്തെക്ക് വന്നത്.
"ഇന്റെ കുട്ട്യേ...നീയെന്തായീ കാട്ടണേ...? ആ സ്റ്റൂളൊന്നു തെന്നി പോയാലെന്റെ കുട്ടി താഴെ വീഴില്ലെ..?
"എന്റെ കുട്ടിയോ..? ആരാ ഈ എന്റെ കുട്ടി രേവുട്ട്യെ...ഈ ഞാനോ ? ഇതാപ്പോ നന്നായെ, സമയത്ത് കെട്ടിയിരുന്നെങ്കില്‍ നിക്കും ആയേനെ രണ്ടു മൂന്നു കുട്ടികള്‍. ആ എന്നെയാ പ്പൊ കുട്ടി എന്ന് വിളിക്കണേ".
സ്റ്റൂളില്‍ നിന്നിറങ്ങി രേവതിയമ്മയുടെ താടി പിടിച്ച് ആട്ടി ചിരിച്ചോണ്ട് നില്ക്കുന്ന സീതയുടെ ആ നില്‍പ്പ് കണ്ടപ്പോള്‍ രേവതിയമ്മയുടെ മനസ്സൊന്നു നൊന്തു. തന്നെ ഈ വയസ്സാംകാലത്ത് ശുശ്രൂഷിക്കാന്‍ വിദേശത്തുള്ള മക്കള്‍ ഏര്‍പ്പാടാക്കിയ കുട്ടിയാ. പക്ഷെ ഈ കഴിഞ്ഞ രണ്ടു കൊല്ലം കൊണ്ട് സ്വന്തം മോളെയ്ക്കാള് സ്നേഹിച്ചു പോയി താനവളെ. വീട്ടിലെ പണികളെല്ലാം തീര്‍ക്കാന്‍ സ്വന്തം ആരോഗ്യവും, ശരീരവും പോലും നോക്കാതെ മാടിനെപ്പോലെ പണിയെടുക്കുന്ന ഒരു പെണ്‍കുട്ടി. അവളെ കാണുമ്പോള്‍ നന്ദനം എന്ന സിനിമയിലെ വേലക്കാരി പെണ്‍കുട്ടിയെയാണ് മനസ്സില്‍ ഓര്‍മ്മ വരുന്നത്. മനസ്സ് നിറയെ സ്നേഹം മാത്രം, ഇക്കാലത്തും ഇങ്ങനെയൊരു കുട്ടി. സ്വന്തം മക്കള്‍ നോക്കുന്നതിനെക്കാളും എത്രയോ നന്നയാണ് തന്റെ ഓരോ കാര്യങ്ങളിലും ഇവള് ശ്രദ്ധിക്കുന്നത്. ഇതിന്റെ കൈപ്പിടിച്ച് ജീവിതത്തിലേക്ക് കൂട്ടി കൊണ്ട് പോകുന്നവനായിരിക്കും ഭൂമിയിലെ ഭാഗ്യവാന്മാരില് ഒരുവന്.
"ന്റെ രേവുട്ട്യെ..." എന്നുള്ള സീതയുടെ വിളിയാണ് ആ അമ്മയെ ചിന്തകളില്‍ നിന്നുമുണര്‍ത്തിയത്.
'അതേയ് ഞാനാ കിളിക്കൂട് പറിച്ചു കളയാനാ സ്റ്റൂളില്‍ കയറിയെ. എത്ര നാളായി എന്നറിയോ അമ്മെ അതിവിടെ പൊടിയും പിടിച്ച് തൂങ്ങി കിടക്കാന്‍ തുടങ്ങിയിട്ട്. തള്ളേമില്ല, പിള്ളേരുമില്ല.. ഇനിയിപ്പോ ഇതെന്തിനാ ഇവിടെ? അതുങ്ങളാണേല് ഇനിയൊട്ടു വരികേമില്ല '.
"അതേയ് കുട്ട്യേ..അതവിടെയങ്ങനെ നിന്നോട്ടെ"..
'അതേയ് ഞാനാ കിളിക്കൂട് പറിച്ചു കളയാനാ സ്റ്റൂളില്‍ കയറിയെ. എത്ര നാളായി എന്നറിയോ അമ്മെ അതിവിടെ പൊടിയും പിടിച്ച് തൂങ്ങി കിടക്കാന്‍ തുടങ്ങിയിട്ട്. തള്ളേമില്ല, പിള്ളേരുമില്ല.. ഇനിയിപ്പോ ഇതെന്തിനാ ഇവിടെ? അതുങ്ങളാണേല് ഇനിയൊട്ടു വരികേമില്ല '.
"അതേയ് കുട്ട്യേ..അതവിടെയങ്ങനെ നിന്നോട്ടെ"..
ആ തള്ളകിളിയന്നു കൂടുണ്ടാക്കുന്ന അന്ന് മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നതാ..കൂടൊരുക്കി, മുട്ടയിട്ടു, അതെല്ലാം അടയിരുന്ന് വിരിയിച്ച് ആ കുഞ്ഞുങ്ങളെ മഴയത്തു നനയാതെയും, കാറ്റത്ത് പറന്നു താഴെ വീഴാതെയും നോക്കി അവളവരെ ഒറ്റയ്ക്ക് പറക്കാനാവും വിധത്തില്‍ വളര്‍ത്തി വലുതാക്കി. അത്രയുമായപ്പോള്‍ ആ കിളികുഞ്ഞുങ്ങള്‍ ആകാശത്തിന്റെ നീലിമയും സ്വാതന്ത്ര്യവും തേടി അങ്ങകലേക്ക് പറന്നു പോയി. ദൂരെ ദൂരേക്ക്, ഇനിയൊരു മടക്കമുണ്ടാകില്ല എന്ന് കരുതി തന്നെ എങ്ങോ പറന്നു പോയി. ഒരു തൃസന്ധ്യാസമയത്ത് തന്റെ കൊക്കിലോതുങ്ങവന്നത്രയും ഭക്ഷണവുമായി തിരികെ വന്ന ആ പാവം അമ്മകിളി കണ്ടത് കുഞ്ഞുങ്ങള്‍ ഇല്ലാത്ത തന്റെ കൂടാണ്. അവള് ചുറ്റുപാടും പാറിപറന്നു നോക്കി, ഒച്ചയിട്ടു കരഞ്ഞു നോക്കി, നേരം ഇരുട്ടിയിട്ടും കൂടിനു പുറത്തു വട്ടമിട്ടു പറന്നു നടക്കുന്ന ആ കിളിയുടെ ദൈന്യതയാര്‍ന്ന രൂപം മനസ്സില്‍ നിന്നും മായുന്നില്ല. എങ്ങോ പറന്നു പോയ തന്റെ പൊന്നോമനകള്ക്കെന്തു പറ്റിയെന്ന വെവലാതിയായിരുന്നിരിക്കാം ആ അമ്മകിളിയുടെ മനസ് നിറയെ. അങ്ങനെ ഒരു ദിവസം ആ അമ്മകിളിയും ഈ കൂടിനോട് വിടപ്പറഞ്ഞു പോയതാ. അമ്മകിളിയുടെ വേര്‍പ്പാട് തന്റെ മനസ്സിനെ വല്ലാതെ നോവിച്ചിരുന്നു.
പെട്ടന്ന് എന്തോ ബോധോദയം ഉണ്ടായപ്പോലെ രേവതിയമ്മ പറഞ്ഞു.
"മോളേ സീതപ്പെണ്ണേ, ഇനിയെന്നെങ്കിലും ആ തള്ളക്കിളി തിരിച്ചു വന്നാല്‍ ആ കുഞ്ഞുങ്ങള്‍ അമ്മയെ തേടി വന്നാല്‍ ഈ കൂട് ഇവിടെ ഉണ്ടാകെണ്ടേ, അതോണ്ടാ ആ കൂട് പറിച്ചു കളയെണ്ടെന്നു പറഞ്ഞെ".
രേവതിയമ്മയുടെ മുഖഭാവങ്ങളില്‍ നിന്ന് തന്നെ സീതക്ക് അവരുടെ മനസിലെ ചിന്തകള്‍ മനസിലായിരുന്നു. കാരണം ഈ കഥ ആ അമ്മ തന്നോട് ഇടക്കെപ്പോഴോ പറഞ്ഞിരുന്നു. എന്നാല്‍ താനത് അത്ര കാര്യമാക്കിയിരുന്നില്ല. അതാണ് ഇപ്പോള്‍ ഈ സാഹസത്തിനു മുതിര്‍ന്നത്. ആ അമ്മകിളിയുടെ കഥ ഈ നില്ക്കുന്ന രേവതിയമ്മയുടെയും കൂടെ കഥയാണെന്ന് താനിപ്പോഴാണ് ചിന്തിച്ചത്.
ഓരോരോ കാരണങ്ങള്‍ പറഞ്ഞു ദൂരദിക്കുകളില്‍ പോയി ജീവിക്കുന്ന മക്കള്‍ എന്നെങ്കിലും തിരികെ വരുമ്മെന്ന പ്രതീക്ഷയിലാ ഇപ്പോള്‍ ഈ അമ്മ ജീവിക്കുന്നത് തന്നെ. ഏത് നിമിഷവും അവരുടെ തിരിച്ചുവരവ് ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ പടിപ്പുര വാതില്‍ ഒരിക്കലും അടച്ചിടാന്‍ സമ്മതിക്കാത്ത ആ അമ്മയുടെ നെഞ്ചിലെ വിങ്ങല്‍ ആ മക്കള്‍ക്ക് എന്നെങ്കിലും മനസ്സിലാകുമോ ആവോ. കണ്ണുനീരോറ്റിവീഴുന്ന രേവതിയമ്മയുടെ മുഖം കണ്ടപ്പോള്‍ സീത പെട്ടന്ന് ആ അമ്മയെ തന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു.രേവതിയമ്മയുടെ ദുഃഖം തന്റെയും ദുഖമാണെന്ന് തനിക്ക് മനസിലായത് സ്വന്തം കവിളിലൂടെ കണ്ണുനീര് ഒലിച്ചിറങ്ങിയപ്പോഴാണ്. തൂങ്ങിയാടുന്ന ആ കിളിക്കൂട് പോലെയാകും ഈ വീടും ഒരുനാള്‍. അതുവരെയും ഈ അമ്മകിളിയും തന്റെ കുഞ്ഞുങ്ങളെയും പ്രതീക്ഷിചിരിക്കും ഇവിടെ നിശബ്ദം കണ്ണീരോഴുക്കി കൊണ്ട്.