Wednesday, 12 August 2015

അതിരുകൾ...

അവനാണ് ആദ്യം ഉണർന്നത്,എപ്പോഴും അങ്ങനെ അല്ലാട്ടോ എന്നാ ഇപ്പോ കുറച്ചീസായി അവൻ നല്ല കുട്ടിയാ,എല്ലാ ദിവസവും അവളാ ആദ്യം ഉണരുക താൻ ഉണരും മുന്പ് ഉണരുന്നവൾ എന്ന ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാനാണെന്ന് അവളാ കുഞ്ഞിതത്തയുടെ ചെവിയിൽ പറയുന്നത് അവൻ കേട്ടതാ(ഒളിഞ്ഞുനിന്ന് കേട്ടതല്ലട്ടോ സത്യം).അവൻ ഉണര്ന്നു വരുമ്പോഴേക്കും എല്ലാരും ഉണര്ന്നിട്ടുണ്ടാകും അതിലവന് പരിഭവമോന്നും ഇല്ലാട്ടോ,ഇതിപ്പോ കുറച്ചീസായി ഒരു മാറ്റം അതിന് പറയാൻ അവനും ഉണ്ട്ട്ടോ ഒരു കാരണം,,,പണ്ടേ പോലെയല്ല അവനിപ്പോ,ഒരു ഒത്ത ചെറുപ്പക്കാരനാണ് അവന്റെയാ തടിയും നീളവും കണ്ടാ ആരും ഒന്ന് (വെറുതെ)നോക്കിപ്പോവും.
രാധകുട്ടിയുടെ കയ്യില് ആദ്യമായിയവൻ കാണുമ്പോ മെലിഞ്ഞു കൊലുന്ന ഒരു കൊച്ചു പെണ്ണായിരുന്നു അവള്.വടക്കെ അതിരിന്റെ മൂലയിൽ കുഴികുത്തി കുഴിച്ചിടുബോഴും അവളുടെയാ രണ്ടോമൂന്നോ ഇലകൾ വാടിതൂങ്ങി തന്നെയ്യായിരുന്നു,രണ്ടീസം വെള്ളവും രാധക്കുട്ടിയുടെ തലോടലും കിട്ടിക്കഴിഞ്ഞപ്പോ പെണ്ണോന്നുഷരായി,അന്ന് മുതലാ അവനവളെ ശ്രെദ്ധിച്ചു തുടങ്ങിയെ,ഒരു നാണം കുണുങ്ങി പെണ്ണ് അവളെ പറ്റി ആദ്യമവനു തോന്നിയത്അതായിരുന്നു.
പിന്നെ പിന്നെ രാധകുട്ടി വളര്ന്നു,അമ്മു വളർന്നു,അപ്പു ,അച്ചു,കിട്ടു,എല്ലാരും വളര്ന്നു.കൂടെ അവനും അവളും..കാലത്തിനു മാത്രാ ഒരു മാറ്റവും ഇല്ലാത്തെ എന്നവനു തോന്നാറുണ്ട്,എല്ലാരും പലവഴിക്കായി,രാധക്കുട്ടി ഇപ്പോ കോളേജിലാ,അതിന്റെ ഒരു ഗമയൊക്കെ ഉണ്ട്ട്ടോ പെണ്ണിന്,ആദ്യമൊക്കെ രാവിലെ സ്കൂളിൽ പോവുംമുന്പ് രാധാക്കുട്ടി അവളുടെ അടുത്തെത്തും,എന്തൊക്കെയോ അവളുടെ ചെവിയിൽ മന്ത്രിച്ചിട്ടാ രാധക്കുട്ടി പോവുക,ഇപ്പോ അതൊന്നും ഇല്ലട്ടോ,വേറൊരു രഹസ്യം ഉണ്ട്ട്ടോ രാധാക്കുട്ടിയെ കാണാൻ ചെക്കന്മാര് വരാൻ തുടങ്ങി അതിന്റെ കൂടെയാ ഈ കാണിക്കുന്ന ഗമ.
അപ്പുവും അച്ചുവും കിട്ടുവും പത്താം ക്ലാസ്സില് തോററ് തുന്നം പാടിയതോടെ ഓരോ പണിക്ക് പോയിതുടങ്ങി,ഇടയ്കൊക്കെ ചെക്കന്മാര് വരും പിന്നിലോളിപ്പിച്ച ബീഡിതുണ്ടുമായി,തന്റെ ചോട്ടിൽ വട്ടം കൂടിയിരുന്നു സൊറ പറയാൻ....
പിന്നെ അമ്മുകുട്ടി,,, അവള്,,,ഒരീസം ഒരു പനി വന്നതത്രെ,പിന്നെ കേട്ടത് അമ്മു പോയിന്നാ....
അവളിപ്പോ തെക്കേ തൊടിയില്...അവളുടെ തലയ്ക്കൽ ഒരു തുളസി ചെടി നട്ട് വളര്തുന്നുടത്രേ അവളുടെ അമ്മ,മുടിതുമ്പിൽ ഒരു തുളസി കതിർ ഇല്ലാതെ അമ്മുനെ കാണാറെയില്ല,അതോണ്ട് അങ്ങ് സ്വര്ഗത്തിലിരുന്നും അവള്ക്ക് മുടിയിൽ ചൂടാൻ ആ അമ്മ...
അങ്ങനെ മാറ്റങ്ങളെ നെഞ്ചേറ്റി,മൂകനായി ഒരു പറമ്പിന്റെ അങ്ങേ തലയ്ക്ക് അതിരായി അവനും ഇങ്ങെ തലയ്ക്കൽ അവളും അതിരായി.


ഇപ്പോ അവളുടെ ഓരോ ചില്ലകിടയിൽ മൊട്ടുകൾ കുലകളായി വിരിയാൻ തുടങി.വല്ല്യയൊരു പെണ്ണായാതിന്റെ ഗമയിൽ അവളിങ്ങനെ കുണുങ്ങി നിക്കുന്നത് കാണുമ്പോ അവന്റെ നെഞ്ചിലൊരു കുളിർമഴയാ...അവളുടെയാ മൊട്ടുകൾ സ്വർണ്ണവർണ്ണത്തിൽ വിരിഞ്ഞ് നിറയെ കൊന്നപൂക്കള്മായി ആരെയും കൊതിപ്പിക്കുന്ന ഭംഗിയിൽ അവളിങ്ങനെ നില്കുമ്പോ അവനെങ്ങനെയാ അവളെ പ്രണയിക്കാതിരിക്കുക,അവനിപ്പോ പ്രണയിക്കാതിരിക്ക്യ..അവനിപ്പോ പ്രണയത്തിലാ,,,അവളോടുള്ള വല്ലതോരിഷ്ട്ടത്തിൽ...

എത്ര കാലത്തേക്ക് എന്നവനറിയില്ല,,അതിര് നിക്കുന്ന അവനെപ്പോലുള്ള മരങ്ങളെ വെട്ടിമാറ്റി കല്മതിൽ ആകുന്നിടത്തോളം കാലം അവനു ജീവിക്കാം ,അതുവരെ അവളെ പ്രണയിക്കാം,പ്രണയിച്ചു കൊണ്ടെയിരിക്കാം...
വിഷു ദിനത്തിൽ അവളുടെ അവസാനത്തെ പുഞ്ചിരിയെയും പറിച്ചെടുത്ത് മനുഷ്യൻ ഐശര്യം കണികാന്നുംബോഴും,പിന്നെയും അവനു അവളെ പ്രണയിക്കാം,കാരണം അവൻ മനുഷ്യനല്ലല്ലോ,,,മരമല്ലേ വെറുമൊരു മരം .....

Tuesday, 20 May 2014

കൂടൊഴിയും പക്ഷികള്‍







റയത്ത് തൂക്കിയിട്ടിരുന്ന ചെടിച്ചട്ടിയിലെ ഉണങ്ങി കരിഞ്ഞ കമ്പുകള്‍ എടുത്തു മാറ്റാന്‍ സ്റ്റൂളില്‍ കയറി നിന്നതാണ് സീത. അപ്പോഴാണ്‌ ആ ചെടിയില്‍ ദിവസങ്ങളായി തൂങ്ങിയാടുന്ന പൊടിപ്പിടിച്ച കിളിക്കൂട്‌ ശ്രദ്ധിച്ചത്.  
"ഇതിപ്പോ ഇനിയെന്തിനാ..? 

എന്ന് പിറുപിറുത്തും കൊണ്ട് ആ കിളിക്കൂട് പറിച്ചെടുത്തു ദൂരെ കളയാനുള്ള ശ്രമത്തിലായിരുന്നു അവള്‍. സ്റ്റൂളില്‍ കയറി നിന്ന് അഭ്യാസം കാണിക്കുന്ന സീതയെ കണ്ടു കൊണ്ടാണ് രേവതിയമ്മ ഇറയത്തെക്ക് വന്നത്. 

"ഇന്‍റെ കുട്ട്യേ...നീയെന്തായീ കാട്ടണേ...? ആ സ്റ്റൂളൊന്നു തെന്നി പോയാലെന്റെ കുട്ടി താഴെ വീഴില്ലെ..?

"എന്‍റെ കുട്ടിയോ..? ആരാ ഈ എന്‍റെ കുട്ടി രേവുട്ട്യെ...ഈ ഞാനോ ? ഇതാപ്പോ നന്നായെ, സമയത്ത് കെട്ടിയിരുന്നെങ്കില്‍ നിക്കും ആയേനെ രണ്ടു മൂന്നു കുട്ടികള്‍. ആ എന്നെയാ പ്പൊ കുട്ടി എന്ന് വിളിക്കണേ". 

    സ്റ്റൂളില്‍ നിന്നിറങ്ങി രേവതിയമ്മയുടെ താടി പിടിച്ച് ആട്ടി ചിരിച്ചോണ്ട് നില്‍ക്കുന്ന സീതയുടെ ആ നില്‍പ്പ് കണ്ടപ്പോള്‍ രേവതിയമ്മയുടെ മനസ്സൊന്നു നൊന്തു. തന്നെ ഈ വയസ്സാംകാലത്ത് ശുശ്രൂഷിക്കാന്‍ വിദേശത്തുള്ള മക്കള്‍ ഏര്‍പ്പാടാക്കിയ കുട്ടിയാ. പക്ഷെ ഈ കഴിഞ്ഞ രണ്ടു കൊല്ലം കൊണ്ട് സ്വന്തം മോളെയ്ക്കാള്‍ സ്നേഹിച്ചു പോയി താനവളെ. വീട്ടിലെ പണികളെല്ലാം തീര്‍ക്കാന്‍ സ്വന്തം ആരോഗ്യവും, ശരീരവും പോലും നോക്കാതെ മാടിനെപ്പോലെ പണിയെടുക്കുന്ന ഒരു പെണ്‍കുട്ടി. അവളെ കാണുമ്പോള്‍ നന്ദനം എന്ന സിനിമയിലെ വേലക്കാരി പെണ്‍കുട്ടിയെയാണ് മനസ്സില്‍ ഓര്‍മ്മ വരുന്നത്. മനസ്സ് നിറയെ സ്നേഹം മാത്രം, ഇക്കാലത്തും ഇങ്ങനെയൊരു കുട്ടി. സ്വന്തം മക്കള്‍ നോക്കുന്നതിനെക്കാളും എത്രയോ നന്നയാണ്‌ തന്‍റെ ഓരോ കാര്യങ്ങളിലും ഇവള്‍ ശ്രദ്ധിക്കുന്നത്. ഇതിന്‍റെ കൈപ്പിടിച്ച് ജീവിതത്തിലേക്ക് കൂട്ടി കൊണ്ട് പോകുന്നവനായിരിക്കും ഭൂമിയിലെ ഭാഗ്യവാന്‍മാരില്‍ ഒരുവന്‍.
"ന്‍റെ രേവുട്ട്യെ..." എന്നുള്ള സീതയുടെ വിളിയാണ് ആ അമ്മയെ ചിന്തകളില്‍ നിന്നുമുണര്‍ത്തിയത്. 
'അതേയ് ഞാനാ കിളിക്കൂട്‌ പറിച്ചു കളയാനാ സ്റ്റൂളില്‍ കയറിയെ. എത്ര നാളായി എന്നറിയോ അമ്മെ അതിവിടെ പൊടിയും പിടിച്ച് തൂങ്ങി കിടക്കാന്‍ തുടങ്ങിയിട്ട്. തള്ളേമില്ല, പിള്ളേരുമില്ല.. ഇനിയിപ്പോ ഇതെന്തിനാ ഇവിടെ? അതുങ്ങളാണേല്‍ ഇനിയൊട്ടു വരികേമില്ല '.

"അതേയ് കുട്ട്യേ..അതവിടെയങ്ങനെ നിന്നോട്ടെ"..
            ആ തള്ളകിളിയന്നു കൂടുണ്ടാക്കുന്ന അന്ന് മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നതാ..കൂടൊരുക്കി, മുട്ടയിട്ടു, അതെല്ലാം അടയിരുന്ന് വിരിയിച്ച് ആ കുഞ്ഞുങ്ങളെ മഴയത്തു നനയാതെയും, കാറ്റത്ത്‌ പറന്നു താഴെ വീഴാതെയും നോക്കി അവളവരെ ഒറ്റയ്ക്ക് പറക്കാനാവും വിധത്തില്‍ വളര്‍ത്തി വലുതാക്കി. അത്രയുമായപ്പോള്‍ ആ കിളികുഞ്ഞുങ്ങള്‍ ആകാശത്തിന്‍റെ നീലിമയും സ്വാതന്ത്ര്യവും തേടി അങ്ങകലേക്ക് പറന്നു പോയി. ദൂരെ ദൂരേക്ക്‌, ഇനിയൊരു മടക്കമുണ്ടാകില്ല എന്ന് കരുതി തന്നെ എങ്ങോ പറന്നു പോയി. ഒരു തൃസന്ധ്യാസമയത്ത് തന്‍റെ കൊക്കിലോതുങ്ങവന്നത്രയും ഭക്ഷണവുമായി തിരികെ വന്ന ആ പാവം അമ്മകിളി കണ്ടത് കുഞ്ഞുങ്ങള്‍ ഇല്ലാത്ത തന്‍റെ കൂടാണ്. അവള്‍ ചുറ്റുപാടും പാറിപറന്നു നോക്കി, ഒച്ചയിട്ടു കരഞ്ഞു നോക്കി, നേരം ഇരുട്ടിയിട്ടും കൂടിനു പുറത്തു വട്ടമിട്ടു പറന്നു നടക്കുന്ന ആ കിളിയുടെ ദൈന്യതയാര്‍ന്ന രൂപം മനസ്സില്‍ നിന്നും മായുന്നില്ല. എങ്ങോ പറന്നു പോയ തന്‍റെ പൊന്നോമനകള്‍ക്കെന്തു പറ്റിയെന്ന വെവലാതിയായിരുന്നിരിക്കാം ആ അമ്മകിളിയുടെ മനസ് നിറയെ. അങ്ങനെ ഒരു ദിവസം ആ അമ്മകിളിയും ഈ കൂടിനോട് വിടപ്പറഞ്ഞു പോയതാ. അമ്മകിളിയുടെ വേര്‍പ്പാട് തന്‍റെ മനസ്സിനെ വല്ലാതെ നോവിച്ചിരുന്നു.
പെട്ടന്ന് എന്തോ ബോധോദയം ഉണ്ടായപ്പോലെ രേവതിയമ്മ പറഞ്ഞു.

"മോളേ സീതപ്പെണ്ണേ, ഇനിയെന്നെങ്കിലും ആ തള്ളക്കിളി തിരിച്ചു വന്നാല്‍ ആ കുഞ്ഞുങ്ങള്‍ അമ്മയെ തേടി വന്നാല്‍ ഈ കൂട് ഇവിടെ ഉണ്ടാകെണ്ടേ, അതോണ്ടാ ആ കൂട് പറിച്ചു കളയെണ്ടെന്നു പറഞ്ഞെ".

         രേവതിയമ്മയുടെ മുഖഭാവങ്ങളില്‍ നിന്ന് തന്നെ സീതക്ക് അവരുടെ മനസിലെ ചിന്തകള്‍ മനസിലായിരുന്നു. കാരണം ഈ കഥ ആ അമ്മ തന്നോട് ഇടക്കെപ്പോഴോ പറഞ്ഞിരുന്നു. എന്നാല്‍ താനത് അത്ര കാര്യമാക്കിയിരുന്നില്ല. അതാണ് ഇപ്പോള്‍ ഈ സാഹസത്തിനു മുതിര്‍ന്നത്. ആ അമ്മകിളിയുടെ കഥ ഈ നില്‍ക്കുന്ന രേവതിയമ്മയുടെയും കൂടെ കഥയാണെന്ന് താനിപ്പോഴാണ് ചിന്തിച്ചത്.
         ഓരോരോ കാരണങ്ങള്‍ പറഞ്ഞു ദൂരദിക്കുകളില്‍ പോയി ജീവിക്കുന്ന മക്കള്‍ എന്നെങ്കിലും തിരികെ വരുമ്മെന്ന പ്രതീക്ഷയിലാ ഇപ്പോള്‍ ഈ അമ്മ ജീവിക്കുന്നത് തന്നെ. ഏത് നിമിഷവും അവരുടെ തിരിച്ചുവരവ് ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ പടിപ്പുര വാതില്‍ ഒരിക്കലും അടച്ചിടാന്‍ സമ്മതിക്കാത്ത ആ അമ്മയുടെ നെഞ്ചിലെ വിങ്ങല്‍ ആ മക്കള്‍ക്ക്‌ എന്നെങ്കിലും മനസ്സിലാകുമോ ആവോ. കണ്ണുനീരോറ്റിവീഴുന്ന രേവതിയമ്മയുടെ മുഖം കണ്ടപ്പോള്‍ സീത പെട്ടന്ന് ആ അമ്മയെ തന്‍റെ നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു.രേവതിയമ്മയുടെ ദുഃഖം തന്റെയും ദുഖമാണെന്ന് തനിക്ക് മനസിലായത് സ്വന്തം കവിളിലൂടെ കണ്ണുനീര്‍ ഒലിച്ചിറങ്ങിയപ്പോഴാണ്. തൂങ്ങിയാടുന്ന ആ കിളിക്കൂട്‌ പോലെയാകും ഈ വീടും ഒരുനാള്‍. അതുവരെയും ഈ അമ്മകിളിയും തന്‍റെ കുഞ്ഞുങ്ങളെയും പ്രതീക്ഷിചിരിക്കും ഇവിടെ നിശബ്ദം കണ്ണീരോഴുക്കി കൊണ്ട്.

വിലങ്ങുകള്‍




എനിക്ക് മുന്നില്‍ നീട്ടിയ 
ഭിക്ഷാപാത്രത്തിലേക്ക് 
നീയെന്‍റെ ഹൃദയം ചോദിച്ചു... 
തരില്ലെന്നൊരുവാക്ക് 
നിന്നോട് പറയാന്‍ 
കഴിയാതെ ഞാന്‍
എന്തേ നിശബ്ദതയായി...

പറിച്ചെടുത്തൊരു ചെത്തി പൂ പോലെ 

ചുവന്നു തുടുത്തോരാ നിന്‍റെ
ഹൃദയമെനിക്ക് മുന്നില്‍ 
കാണിക്കയായി വെച്ച് 
നിറഞ്ഞു തുളുമ്പിയ 
മിഴികളാല്‍ നീയെന്‍ മുന്നില്‍ നിന്നിട്ടും 
ഞാന്‍ എന്തെ നിശബ്ദയായി....

എന്‍റെ മനസ്സിന്‍റെ ചവറ്റു കുട്ടയിലേക്ക് 

ചുരുട്ടിയെറിഞ്ഞൊരു 
കടലാസ്സു തുണ്ടായി നീ മാറുമ്പോഴും 
ഒരു വാക്കിന്‍റെ മൃദുസ്പര്‍ശം 
നിനക്ക് മേല്‍ ചൊരിയാതെ 
ഒരു തുള്ളി കണ്ണുനീരിന്‍റെ
നനവില്‍ നിനക്കൊരു 
കുളിരേകാന്‍ കഴിയാതെ 
ഞാന്‍ എന്തേ നിശബ്ദയായി.....

നിനക്കറിയാം
വിങ്ങുന്ന എന്‍റെ മനസ്സിനെ
ചാട്ടവാറിന്‍റെ മുള്‍മുനകളില്‍ 
കോര്‍ത്തിടുമ്പോഴും
ഞാന്‍ നിശബ്ദയായതെന്തുകൊണ്ടെന്നു...

എനിക്കറിയാം  
നീ വെച്ചു നീട്ടിയ ഹൃദയത്തിന്നുള്ളില്‍ 
കൊതി തീരാത്തൊരു മനസ്സുണ്ടെന്ന് 
മരിക്കാത്തൊരു മോഹമുണ്ടെന്ന് 
എല്ലാമറിഞ്ഞിട്ടും
നിന്‍റെ മനസ്സറിഞ്ഞിട്ടും  
നിശബ്ദയാകാനേ എനിക്കാവൂ 
എന്നും ..

Thursday, 15 August 2013

വ്യര്‍ത്ഥമോഹം


ഒഴിഞ്ഞ ഈ പാതയില്‍ കണ്ണുംനട്ട് ഞാന്‍
കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നേരമേറെയായി.
നീ... വരില്ലെന്ന് അറിയാമായിരുന്നിട്ടും
തുടരുന്നു ഞാനി തപസ്യ
ആരുടെയോ വിരുന്നു കാരിയായി എത്തിയ
വസന്തം എന്‍ കാതില്‍ മെല്ലെ ചൊല്ലി
"പണ്ടെ അവന്‍ മറന്നല്ലോ നിന്നെ"
നുണക്കുഴി തെളിയെ ചിരിച്ചും കൊണ്ടവളത്
പറഞ്ഞപ്പോള്‍ ഓര്‍ത്തുപോയി ഞാന്‍ നിന്നെയും
നീ നല്‍കിയ സ്വപ്നങ്ങളും
മദിച്ചുല്ലസിച്ചവള്‍ തിരികെ പോയപ്പോളിവിടെ
മറന്നു വെച്ചത് ഒരുപിടി വാടിയ പൂക്കളായിരുന്നു.
രാത്രിയാം കറുത്ത സുന്ദരിയോടൊപ്പം
കണ്ണിമയ്ക്കാതെ ഞാന്‍ കാത്തിരിക്കെ
തിങ്കളിന്‍ പ്രേമദൂതുമായി അവളുടെ അരികില്‍
നിന്നെത്തും ഇളം തെന്നലെന്നോട് ചോദിച്ചു
"വന്നില്ലേ അവന്‍ ഇന്നേവരെ"
ഇറ്റിറ്റ് വീഴുമെന്‍ കണ്ണീര്‍ തുടച്ചുകൊണ്ടവള്‍ മൊഴിഞ്ഞു
"കാത്തിരിപ്പിനും ഒരു സുഖം ഉണ്ട്"
കാത്തിരുന്നു ഞാന്‍
ഇപ്പോഴും കാത്തിരിക്കുന്നു ഋതുക്കള്‍ മാറുന്നതും നോക്കി
എനിക്ക് മുന്നില്‍ കൊഴിയുന്ന ഇലകളും,
വാടി വീഴുന്ന പൂക്കളും നോക്കി
എന്‍റെ മുടിയിഴകളില്‍ വെള്ളിരേഖ തെളിയുന്നതും
യൌവനത്തുടിപ്പുകളെന്നില്‍ നിന്ന് മായുന്നതും
നോക്കി ഞാനിപ്പോഴും കാത്തിരിക്കുന്നു.
കണ്ണിന്‍ മുന്നിലെ ഉരുകാത്ത മൂടല്‍ മഞ്ഞിലൂടെ
ഉലഞ്ഞെത്തുന്ന നിഴല്‍ രൂപം കാണുമ്പോള്‍


വെറുതെയെങ്കിലും ഞാനാശിക്കും

അത്....അത് നീയായിരുന്നെങ്കിലെന്നു.

Sunday, 4 August 2013

കാത്തിരിപ്പ്

ഞാന്‍ കാത്തിരിക്കുകയാണ്, ഒരുപാട് നേരമായി ഞാനീ
സ്റ്റേഷനിലെ ചാരുബെഞ്ചില്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട്...
എന്‍റെ വണ്ടി, അതിനിയും ചൂളം കുത്തി ഓടിത്തളര്‍ന്ന്,
കിതച്ചും കൊണ്ടീ സ്റ്റേഷനിലെത്തിയിട്ടില്ല !!
മുഷിവ്,,,മറ്റുള്ളവര്‍ക്ക് അത് തോന്നിതുടങ്ങിയോ..
എന്നെനിക്കറിയില്ല,,,പക്ഷെ,,ഒന്നെനിക്കറിയാം,,,,,
എനിക്ക് മടുത്തു തുടങ്ങിയിരിക്കുന്നു !!

നേരത്തെയെത്താത്ത,...നേരം തെറ്റിയൊടാത്ത,..
ആ വണ്ടിയിലെ ഏക സഞ്ചാരി ഞാന്‍ മാത്രമാണോ
അതും എനിക്കറിയില്ല....എനിക്കൊന്നേ അറിയൂ,...
ഞാനീ സ്റ്റേഷനിലെ ചാരുബെഞ്ചില്‍
കാത്തിരിക്കാന്‍ തുടങിയിട്ടെറെ നാളായി !!!
ഞാന്‍ അനേഷിക്കുകയാണ്,..ചുറ്റുമിപ്പോള്‍....
എനിക്ക് മുമ്പേയും പിമ്പേയും വന്നവര്‍
അധികം പേരും, ഈ,സ്റ്റേഷന്‍ വിട്ടെഴിഞ്ഞിരിക്കുന്നു !!

അവരുടെ വണ്ടികള്‍ ഈ അതിര്‍ത്തി വിട്ട്,...
എപ്പഴേ പൊയിരിക്കുന്നു, എന്നിട്ടും,..
എനിക്ക് യാത്ര പോകാനുള്ള ആ വണ്ടി
അതു മാത്രം ഇനിയുമീ സ്റ്റേഷനിലെത്തിയിട്ടില്ല !!
ഞാനിപ്പോള്‍ മനസ്സിലാക്കുന്നു എനിക്ക് ചുറ്റും,...
എന്തൊക്കയൊ കൊഴിഞ്ഞു പൊയിരിക്കുന്നു !!
എന്‍റെ ഈ ഇരിപ്പിടവും ഒടിഞ്ഞു തുടങ്ങാറായിരിക്കുന്നു !!
എന്നിട്ടും ഞാന്‍ കാത്തിരിക്കുകയാണ്,,,,!!
സ്റ്റേഷനിലെ ഈ ചാരുബെഞ്ചില്‍,...
ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ടേറെക്കാലമായ്,...
ഏറെ....ഏറെ...

ചോദ്യം .....???

   ആരാ...?                                                            
എന്‍റെ മുഖത്തേക്കുറ്റു നോക്കികൊണ്ട് നീ വീണ്ടും ചോദിച്ചു, ആരാ...?
ചുണ്ടിൽനിന്നു, കാതിലേക്കാ ചോദ്യമൊരു പ്രവാഹമായപ്പോള്‍
നിന്‍റെ നീല മിഴികളിൽ വിതച്ച എന്‍റെ നയനങ്ങള്‍ ഞാൻപറിച്ചു നട്ടു
നിന്‍റെ കാൽപ്പാദത്തിലേക്ക്, എന്നിട്ട് ആ ചോദ്യത്തെ ചൂണ്ടയിൽ
കൊരുത്ത‍ ഇരയെപ്പോലെ, മനസ്സെന്ന നീര്‍ പൊയ്കയിലേക്കെറിഞ്ഞു.
“”നിന്‍റെയാരാ“” ഞാനെന്ന‍ ചോദ്യത്തിനുത്തരവും തേടി....
നിന്നോടൊന്നും പറയാനില്ലാതെ വെറുതെ നിൽക്കുമ്പോള്‍
എന്തിനെന്നറിയയാതെ മനസ്സ് പിന്തിരിഞ്ഞു നടന്നു.
ഓര്‍മ്മകളിലെക്ക്, തിരിച്ചു വിളിച്ചിട്ടും നിൽക്കാതെ.
കൊഴിഞ്ഞു പോയ കാലത്തിനും സ്വപനങ്ങള്‍ക്കും
എന്തോരു തിളക്കമാണ് !! (ഞാനത്ഭുതപ്പെട്ടുപോയി)

അന്നു നീയെന്‍റെ കാതിൽ മൊഴിഞ്ഞതു
ഞാൻ നിന്റെയാരോ ആണെന്നല്ലെ
നിനക്കൊരു സാന്ത്വനമാണെന്നും, നിന്‍റെ എകാന്തതകളെ
മൂകമായി നെഞ്ചിലെറ്റുന്ന താരമാണെന്നും
നിന്‍റെ വേദനകളെ അലിയിക്കുന്ന ഒരു മഞ്ഞു തുള്ളിയാണെന്നും,
നീയല്ലെ എന്‍റെ ഹ്യദയത്തോട് മന്ത്രിച്ചത്...
പക്ഷെ, ഇപ്പോള്‍ നീ ചോദിക്കുന്നെന്നോട് ആരാണെന്ന്.
അറിയില്ല നിനക്ക് ഞാൻ ആരായിരുന്നെന്നും,...
എനിക്ക് നീ ആരായിരുന്നെന്നും ഇന്നുമെനിക്കറിയില്ല...
എന്നിട്ടും, നിന്നെ തേടി.... നിന്‍റെ നിഴൽ തേടി...
നീ എനിക്ക് തരാമെന്നു പറഞ്ഞ ആ തണൽ തേടി, ഞാനെത്തി
സ്ത്രി ജന്മത്തിന്‍ പാപഭാരം മുഴുവനും
വഴിയരികിൽ ഉപേക്ഷിച്ചു കൊണ്ട് !!
എന്നാൽ നീയിപ്പൊള്‍ ഇലകളില്ലാത്ത ഒരു വൻ വൃക്ഷമായ്
എനിക്ക് മുന്നിൽ വളര്‍ന്നു നിൽക്കുകയാണ്
ഒരു ചോദ്യചിഹ്നം പോലെ....
ഞാനാരാണെന്ന നിന്‍റെ ചോദ്യത്തിനു
ഇനിയുമൊരു ഉത്തരം നൽകാൻ കഴിയാതെ
ഞാൻ തളരുമ്പോഴും കാതില്‍ പ്രതിധ്വനിക്കുന്നതു
ആ ചോദ്യമാണ്,,,,ആരാ,,,??

അയാളും മഴയും

വഴിയോരത്ത് ഇരുവശങ്ങളിലുമായി കൊഴിഞ്ഞു കിടക്കുന്ന അലസിപ്പൂക്കള്‍,അവയുടെ ചുവപ്പ് കണ്ണീലേക്ക് ഊറ്റിയെടുക്കുമ്പോള്‍ അയാള്‍ ആലോചിച്ചു. പണ്ട് താനീ വഴിയരികില്‍ ഉപേക്ഷിച്ച തന്‍റെ സ്വപനങ്ങള്‍ക്കും,,,,,മോഹങ്ങള്‍ക്കും ഇതേ നിറമായിരുന്നല്ലോ....കയ്യിലുള്ള ബാഗ് കക്ഷത്തിലിറുക്കി കൊണ്ട് ,ഒരു കയ്യാല്‍ മുണ്ടിന്‍റെ അറ്റം തെരുകിപ്പിടിച്ച് അയാല്‍ നടന്നു. ആ വഴിയില്‍ അയാള്‍ തനിച്ചായിരുന്നു...തന്നെ പിന്തുടാരാനും, തനിക്ക് കൂട്ടായെത്താനും ഇന്നെവരെ ആരുമുണ്ടായിരുന്നില്ലല്ലോ എന്ന് അയാളൊര്‍ത്തു....
നേര്‍ത്ത തണൂത്തോരു കാറ്റ് തഴുകി കടന്നുപൊയപ്പൊള്‍ അയാളോന്ന് ആകാശത്തെക്ക് നോക്കി, പശ്ചിമ ചക്രവാളത്തില്‍ ചുവപ്പ് രാശിയിന്മെല്‍ കറുപ്പ് ഒരു ദുശ്ശകുനം പൊലെ പടര്‍ന്നിരിക്കുന്നു, മഴ പെയ്തെക്കുമൊ..? അയാളൊന്നു ശങ്കിച്ചു,,തന്‍റെ ആ വഴിയോര സത്രത്തിലേക്ക് ഇനിയുമുണ്ടല്ലോ ഏറെ ദൂരം...
മഴയുടെ ഓര്‍മ്മ മനസിലേക്ക് ഓടിയെത്തിയപ്പോള്‍ അയാളാകെ തളര്‍ന്നു, എന്നും എന്തെങ്കിലും പ്രത്യേകതകള്‍ തന്‍റെ ജീവിതത്തില്‍ സംഭിവിക്കുമ്പോള്‍ മാത്രമെ തനിക്കു കൂട്ടായി മഴയെത്താറുള്ളൂ. തന്‍റെ ദുഖത്തെയും സന്തോഷത്തെയും പങ്ക് വെക്കാന്‍ മഴ എന്നും തന്നൊടപ്പൊമുണ്ടായിരുന്നു എന്ന് അയാളോര്‍ത്തു....പിന്നെ കാലുകള്‍ നീട്ടിവച്ച് അയാള്‍ നടന്നു. ഓര്‍മ്മകളിലേക്കോ, അതോ അയാളുടെയാ വഴിയോര സത്രത്തിലേക്കൊ...
ഓര്‍മ്മകളില്‍ മഴ ചിന്നി ചിന്നി ചാറാന്‍ തുടങ്ങിയിരുന്നു, എന്നിട്ടും അയാളാ പൂമരത്തിനു ചുവട്ടില്‍ നിന്നു, ആരെയൊ കാത്തെന്നവണ്ണമുള്ള അയാളുടെ നിൽപ്പില്‍ ഒരു പ്രണയാതുരന്‍റെ വെപ്രാളമുണ്ടായിരുന്നു. കനത്തുപെയ്യുന്ന മഴയൊടൊപ്പം മുന്നിലെത്തിയ പാവാടക്കാരീയെ സൂക്ഷിച്ചു നോക്കി അയാള്‍ ചോദിച്ചു,“ഓര്‍മ്മയുണ്ടോ നമ്മുടെ ആദ്യ സമാഗമത്തിനു പിന്നണീ പാടിയതു ഇതുപൊലൊരു മഴയായിരുന്നു” ഓര്‍മ്മകളൊന്നും തനിക്ക് അന്യമായിട്ടിലെന്ന മട്ടില്‍ അവളൊന്നു പുഞ്ചിരിച്ചു, പക്ഷെ അതിനു ചാരുത കുറവായിരുന്നു, എന്തൊ പറയാന്‍ വെമ്പിയ ആ ചുണ്ടില്‍ നിന്നും ഒന്നും അടര്‍ന്നു വീണില്ല. പകരം മഴത്തുള്ളികള്‍ അവളുടെ ചുണ്ടുകളില്‍ നിന്നും ഒളിച്ചിറങ്ങിയിരുന്നു... എന്നിട്ടും അയാളുടെ നെഞ്ചില്‍ കുഞ്ഞാറ്റകിളികള്‍ ചിറകടിച്ചാര്‍ത്തു. ആര്‍ത്തലച്ചു പെയ്ത മഴയൊടൊപ്പം അവളൂം പിന്തിരിഞ്ഞപ്പോള്‍ അയാല്‍ തന്‍റെ കിനാവിലെ കുഞ്ഞുകിളിയെ തിരയുകയായിരുന്നു..കിളി ഒഴിഞ്ഞ ആ ഓര്‍മ്മകളുടെ കിളികൂട് ഭദ്രമായി അടച്ചു വച്ചു അയാള്‍ നടന്നു, ജീവിതത്തിന്‍റെ മുള്‍മുനകളിലേക്ക് ആരുടെയും കൂട്ടില്ലാതെ,...ഓരോ ബന്ധങ്ങളും ബന്ധനങ്ങളാണ്,...അല്ലെങ്കില്‍ ബന്ധങ്ങളെല്ലാം മഴയത്ത് വിരിഞ്ഞ നീര്‍ക്കുമിളകള്‍ പൊലെയാണെന്നു ആരൊ അയാളുടെ മനസിലിരുന്ന് മന്ത്രിച്ചു.........
ഒരു മിന്നല്‍പ്പിണര്‍ തലയ്ക്കു മുകളിലൂടെ പാഞ്ഞുപോയപ്പൊഴാണ് അയാള്‍ ഞെട്ടിയത് ..താനിത്രയും നേരം മഴയും നനഞ്ഞു നടക്കുകയായിരുന്നു എന്നയാളറിഞ്ഞിരുന്നില്ല,,ഇരുട്ടത്തു മഴ നനഞ്ഞു വിറങ്ങലിച്ചു നില്‍ക്കുന്ന തന്‍റെ വീടിനെ നെറ്റിക്ക് മുകളില്‍ കയ്യ് വച്ചു അയാളൊന്നു ഏന്തിവലിഞ്ഞു നോക്കി...മുറ്റത്തെക്ക് നടക്കുമ്പോള്‍ അയാളാലോചിച്ചു ,ഇന്ന് തന്നെ ബാധിക്കുന്ന എന്ത് വിശേഷമാണാവോ ഈ മഴയ്ക്ക് പറയാന്നുള്ളത്,,,,,തന്നെ മാത്രം കാത്തിരിക്കുന്ന വീടിന്‍റെ കോലായിലെക്ക് കയറുമ്പോള്‍ അയാളോന്നമ്പരന്നു,,ആരൊ തണുത്തു വിറച്ചു കൂനിക്കൂടി കോലായിലിരിക്കുന്നു,,,,തന്നെ തേടിയെത്തിയ ആ വിരുന്നുക്കാരനാരെന്നറിയാന്നുള്ള തിടുക്കത്തില്‍ അയാള്‍ കോലായിലെ ലൈറ്റിന്‍റെ സ്വിച്ച് ഓണ്‍ ചെയ്തു.എന്നിട്ടും എന്തോ..ബള്‍ബ്‌ പ്രകാശിച്ചില്ല. മഴയില്‍ കറന്‍റ് കട്ട് ആയതാവാം...പിന്നെ അയാള്‍ വളരെ താഴ്ന്ന സ്വരത്തില്‍ ചോദിച്ചു ,,,,ആരാ,,?
കൂനിക്കൂടിയിരുന്ന ആ രൂപം മെല്ലെ എഴുന്നെറ്റു,,,മെല്ലെ ,...വളരെ മെല്ലെ പറഞ്ഞു,,,ഞാന്‍,,ഞാന്‍,,,അത്രയെ അയാള്‍ കേട്ടുള്ളൂ,,അപ്പൊഴെക്കും അയാളാകെ വിറങ്ങലിച്ചു നിന്നു,,,,ആ ശബ്ദം ,തന്‍റെ ബോധമണ്ഡലത്തില്‍ എവിടെയൊ ഉറഞ്ഞു കിടപ്പുണ്ടായിരുന്നല്ലൊ,,,അതിപ്പൊള്‍ ഉരുകാന്‍ തുടങ്ങിയിരിക്കുന്നു,,വിക്കി വിക്കി അയാള്‍ ചോദിച്ചു ,,ഇവിടെ,,?..ഒന്നും പറയാനില്ലാതെ നില്‍ക്കുന്ന അവളുടെ മുഖമൊന്നു കാണാന്‍,,,(വെറുതെ ഒന്നു കാണണമെന്നു അയാള്‍ക്ക്‌ തോന്നി) ആഗ്രഹിച്ചു. പെട്ടെന്ന് ഒരു മിന്നല്‍പ്പിണര്‍ അവരുടെ ഇടയിലൂടെ കടന്നുപൊയപ്പൊള്‍ തല കുനിച്ചു നില്‍ക്കുന്ന ആ രൂപത്തെ അയാള്‍ കണ്ടൂ,,,ഒരു നിമിഷത്തേക്കു മാത്രം! മനസിനെ അലിയിക്കുന്ന ഈ രൂപം ഇതു തന്‍റെ ‘’സ്വപ്ന‘’മായിരുന്നല്ലൊ,,,‘’തന്‍റെ മനസ്സ് ‘’,,,,താന്‍ എന്നൊ സൂക്ഷിക്കാന്‍ കൊടുത്ത ‘’ തന്‍റെ മനസ്സ് ‘’അതിവളാണല്ലൊ,,,
ഒന്നും പറയാതെ വീടിന്‍റെ അകത്തളത്തിലേക്ക് അയാളവളെ സ്വീകരിച്ചു, വീണ്ടുമൊരിക്കല്‍ ക്കൂടി അവള്‍ തന്നില്‍ നിന്നകലാതിരിക്കാനെന്നൊണം അയളവളെ ചേര്‍ത്തു പിടിച്ചു.
പുറത്ത് മഴ തിമിര്‍ത്തു പെയ്യുമ്പോള്‍ അകത്തളത്തില്‍ അവളുടെ കയ്യുകള്‍ രണ്ടും തന്‍റെ കൈകള്‍ക്കുള്ളിലൊതുക്കി അയാളിരുന്നു,,,ഇനിയൊരിക്കലും ,,,ഒരുപക്ഷേ മരണത്തിനു പൊലും ഇവളെ താന്‍ നല്‍കില്ലെന്ന മനസ്സുറപ്പോടെ,,,
വഴിയൊരത്തു കാറ്റടിച്ചുലയുന്ന അലസിച്ചെടിയില്‍ നിന്നും അപ്പൊഴും മഴയില്‍ നനഞ്ഞു കുതിര്‍ന്ന പൂക്കള്‍ കൊഴിഞ്ഞു കൊണ്ടീരുന്നു,,,